കൊളംബോ- ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കൊളംബൊയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യ രാഷ്ട്രീയ തലത്തില്‍ ഇടപെട്ടുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിഷേധം.
തീര്‍ത്തും വാസ്തവവിരുദ്ധമായ റിപ്പോര്‍ട്ടുകളാണിതെന്നും തള്ളിക്കളയുന്നുവെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ആരുടെയോ ഭാവനക്കനുസരിച്ചാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഹൈക്കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎൻപി നേതാവായ റനിൽ വിക്രമസിംഗെ. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനിൽ പരാജയപ്പെടുത്തിയത്.
225 അംഗ പാർലമെന്റിൽ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റനിൽ വിക്രമസിംഗെ നേടിയപ്പോൾ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്കു വെറും മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.
പാർലമെന്റിൽ 100 അംഗങ്ങളുള്ള ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമനയിലെ (എസ്എൽപിപി) ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനായിരുന്നു. ഇതുകൊണ്ടു തന്നെ ഫലം അംഗീകരിക്കില്ലെന്ന് പ്രക്ഷേഭകർ അറിയിച്ചു. രാജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റനിലെന്നാണ് ആക്ഷേപം.
2024 നവംബർ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗോട്ടബയ രാജപക്സെ അധികാരം വിട്ടൊഴിഞ്ഞതിനെ തുടർന്നാണ് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ 44 വർഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. 1982, 1988, 1994, 1999, 2005, 2010, 2015, 2019 വർഷങ്ങളിൽ ജനകീയ വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.