ന്യൂദൽഹി- പാക്കറ്റിലുള്ള അരിയും തൈരുമുൾപ്പെടെ ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി. ചുമത്താൻ പ്രതിപക്ഷം ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും ചേർന്ന് ഐകകണ്‌ഠ്യേനയാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി.യെച്ചൊല്ലി വിവാദവും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.
ചണ്ഡീഗഢിൽ കഴിഞ്ഞമാസം ചേർന്ന 47ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ എതിർപ്പൊന്നുമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിർദേശങ്ങളെ യോഗത്തിൽ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കർണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയിൽ കേരളവും അംഗമായിരുന്നു. ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗോവ, ബിഹാർ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ.
ജി.എസ്.ടി. വരുന്നതിന് മുമ്പും ഭക്ഷ്യധാന്യങ്ങൾക്ക് സംസ്ഥാനങ്ങളിൽ നികുതി ഈടാക്കിയിരുന്നെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. വാറ്റ് ഇനത്തിൽ പല സംസ്ഥാനങ്ങളും പല നിരക്കാണ് ഈടാക്കിയിരുന്നത്. അത് ഏകീകരിച്ചാണ് ജി.എസ്.ടി. കൊണ്ടുവന്നപ്പോൾ പാക്കറ്റിൽ വരുന്ന ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയത്. എന്നാൽ, ബ്രാൻഡഡല്ലാത്ത കമ്പനികൾ പാക്കറ്റിൽ വിൽക്കുന്നവയ്ക്ക് ഇതു ബാധകമല്ലാതിരുന്നതിനാൽ നികുതി ചോർച്ചയുണ്ടായി. ഇതു പരിഹരിക്കണമെന്ന് കമ്പനികളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായി. അതോടെയാണ് വിഷയം പഠിക്കാൻ ജി.എസ്.ടി. കൗൺസിൽ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.