ലഖ്‌നൗ- ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 12ന് ലുലു മാളില്‍ നമസ്‌കരിച്ച നാലുപേരാണ് അറസ്റ്റിലായത്. നോമന്‍, ലുഖ്മാന്‍, അതിഫ്, റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ നാലുപേരെക്കൂടാതെ, ഷോപ്പിംഗ് മാളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകര്‍ത്തതിന് 18 പേര്‍ക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാന്‍ ചാലിസ ചൊല്ലി മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
സുരക്ഷാ വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും ലുലു മാള്‍ വിവാദത്തെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചില ആളുകള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയും മാള്‍ സന്ദര്‍ശിക്കുന്ന ആളുകളെ തടയുന്നതിനായി പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാര്‍ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.