കൊച്ചി- റോഡുകളുടെ ശോചനീയമായ അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടയ്ക്കണമെങ്കില്‍ 'കെ റോഡ്' എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരത്തുകളിലെ അപകടങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. റോഡുകള്‍ ആറ് മാസത്തിനകം താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോള്‍ ചില റോഡുകള്‍ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
റോഡുകള്‍ ഇങ്ങനെ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് വര്‍ധിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയില്‍ മുമ്പും കോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.