Sorry, you need to enable JavaScript to visit this website.

പിണറായി ഭീരു, സമരത്തില്‍നിന്ന് പിന്മാറില്ല- ശബരീനാഥന്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്ന്  കെ.എസ്. ശബരീ നാഥന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തൊക്കെ കേസ് ചുമത്തിയാലും പിന്നോട്ടു പോകില്ല. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും ശബരീനാഥന്‍ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, പി.സി.വിഷ്ണുനാഥ് എം.എല്‍.എ തുടങ്ങിയവര്‍ ജാമ്യം ലഭിച്ച ശബരീനാഥനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഒരു തരത്തിലുള്ള നിയമവ്യവസ്ഥയുമില്ലാത്ത, അധികാരിക്ക് എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള രാജ്യങ്ങളെയാണ് ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. കേരളം ഇന്ന് ബനാന റിപ്പബ്ലിക് ആയി മാറിയിരിക്കുന്നു. ഇവിടെ നിയമപരമായി, സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എനിക്കുമെതിരെ വധശ്രമവും ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്- ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. വിമാനത്തില്‍ വന്നവര്‍ കൊല്ലാന്‍ നോക്കിയെന്ന് മുഖ്യമന്ത്രി വീണ്ടും വീണ്ടും നിയമസഭക്കകത്തും പുറത്തും പറയുന്നത് അദ്ദേഹം ഒരു ഭീരുവായതിനാലാണ്. നിങ്ങള്‍ എന്തൊക്കെ ചെയ്താലും എന്തൊക്കെ കേസ് ചുമത്തിയാലും പിന്നോട്ടു പോകില്ല, സമരം തുടരും. നിയമപരമായ പോരാട്ടവുമായി മുന്നോട്ടു പോകും-  അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ മാസ്റ്റര്‍മൈന്‍ഡ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണെന്നും ശബരീനാഥന്‍ ആരോപിച്ചു.

 

Latest News