ന്യൂദല്‍ഹി- നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും കേസിലെ തുടര്‍നടപടികള്‍. സമിതി കൊല്ലത്തെത്തി ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരനും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കേന്ദ്രത്തിന് കത്തയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.