വാഷിം-മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഹാജരാകാന്‍ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോള്‍ ബുര്‍ഖയും ഹിജാബും അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചതായി മുസ്ലിം പെണ്‍കുട്ടികള്‍ പരാതിപ്പെട്ടതായി പോലീസ് അറിയിച്ചു.
ചില മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
നീറ്റ് പരീക്ഷ ഞായറാഴ്ച വാഷിമിലെ ആറ് കേന്ദ്രങ്ങളിലാണ് നടന്നത്.മാതോശ്രീ ശാന്താഭായ് ഗോട്ടെ കോളേജിലാണ് രണ്ട് പെണ്‍കുട്ടികളോട് അവരുടെ ബുര്‍ഖയും ഹിജാബും അഴിക്കാന്‍ ആവശ്യപ്പെട്ടത്.
വിദ്യാര്‍ത്ഥിനികളെ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ബുര്‍ഖ-ഹിജാബ് സ്വമേധയാ നീക്കം ചെയ്തില്ലെങ്കില്‍ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കോളേജ് അധികൃതരും ജീവനക്കാരും മോശമായി പെരുമാറിയെന്നും സമ്മര്‍ദത്തിലാക്കിയെന്നും ഒരു വിദ്യാര്‍ഥിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാഷിം സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്വേച്ഛാപരമായി പ്രവര്‍ത്തിച്ചതിന് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥിനികളിലൊരാളുടെ രക്ഷിതാവ് പറഞ്ഞു.
വാഷിം സിറ്റി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ റഫീഖ് ഷെയ്ഖ് വിഷയം അന്വേഷിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ പരീക്ഷക്ക് 18,72,329 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 95 ശതമാനം പേരും ഞായറാഴ്ച രാജ്യത്തെ 497 നഗരങ്ങളിലെ 3,570 കേന്ദ്രങ്ങളില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.