ചെന്നൈ- മദ്രാസ് ഐഐടിയിലെ പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ സഹോദരങ്ങള്‍ക്കൊപ്പം ടിഫിന്‍ സെന്റര്‍ നടത്തുന്ന 34 കാരനായ പ്രഭാകരനാണ് താന്‍ മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹം ചെയ്തത്.
2020 ഫെബ്രുവരി ഏഴിന് പ്രഭാകരന്‍, ഷണ്‍മുഖ മയൂരിയെ വിവാഹം ചെയ്തത്. ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരന്‍ താന്‍ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കള്‍ മകളെ വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. വലിയ സ്ത്രീധനം വാങ്ങിയാണ് മയൂരിയെ പ്രഭാകരന്‍ വിവാഹം ചെയ്തത്.
110 പവന്‍ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെന്നിവയാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടില്‍ നിന്നിറങ്ങുന്ന പ്രഭാകരന്‍ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടില്‍ സമയം ചിലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരന്‍ ഉപദ്രവിച്ചു. എന്നാല്‍ മകന് പ്രഫസര്‍ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടില്‍ വരാന്‍ കഴിയാത്തതെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രഭാകരനെ സംരക്ഷിക്കുകയാണ് ഉണ്ടായത്.
പ്രഭാകരന്റെ രീതികളില്‍ സംശയം തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടി മദ്രാസിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് പ്രഭാകരന്‍ വീട് പുതുക്കിപ്പണിയുകയും കടങ്ങള്‍ വീട്ടുകയും കട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രഭാകരന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് മയൂരിയെ വിവാഹം ചെയ്തത്. മയൂരി, പോലീസിനെ സമീപിക്കുകയും പ്രഭാകരനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രഭാകരനെ അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടം, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രഭാകരനെതിരെ കേസെടുത്തിരിക്കുന്നത്.