ന്യൂദല്‍ഹി- കേരളത്തില്‍ വീണ്ടും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശങ്ങള്‍്.
വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിലൂടെ മങ്കി പോക്‌സ് രോഗം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ഇവരെ കര്‍ശനമായ ആരോഗ്യ പരിശോധനക്ക് വിധേയരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മങ്കി പോക്‌സ് നിയന്ത്രിക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷന്‍, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.