Sorry, you need to enable JavaScript to visit this website.

വിമാനത്തിൽ കുരുവി; ഡി.ജി.സി.എ അന്വേഷണം തുടങ്ങി

പ്രതീകാത്മക ചിത്രം

നെടുമ്പാശ്ശേരി- ബഹ്‌റൈനിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ 'കുരുവി' യാത്ര ചെയ്ത സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്പ്രസ്  വിമാനം 37000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെയാണ് കോക്പിറ്റിൽ കുരുവിയുടെ സാന്നിദ്ധ്യം പൈലറ്റ് മനസ്സിലാക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്നും എയർ ഇന്ത്യ വിമാനം ബഹ്‌റൈനിൽ എത്തിയ ശേഷം മടക്കയാത്രയ്ക്ക് മുമ്പായി ഒരു എഞ്ചിനീയർ വിമാനത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ഫ്‌ളൈറ്റ് ഡെക്കില് പരിശോധന നടത്താവെ കോക്പിറ്റിൽ കുരുവിയെ കണ്ടിരിന്നു. അതിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പക്ഷി തനിയെ പറന്നു പോകുന്നതിന് വേണ്ടി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകൾ അല്പ സമയത്തേക്ക് തുറന്നിടുകയും ചെയ്തു.  വിമാനത്തിലെ മറ്റ് സ്ഥലങ്ങളില് പരിശോധന കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം മടങ്ങിയെത്തി എല്ലായിടത്തും പരിശോധിച്ചെങ്കിലും ഡെക്കിലോ ക്യാബിനകത്തോ പക്ഷിയെ കണ്ടെത്തിയില്ല. ഈ വിമാനം യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്നതിനിടയിൽ ഫ്‌ലൈറ്റ് മാന്വലുകൾ സൂക്ഷിയ്ക്കുന്ന ഗ്ലാസ് കമ്പാർട്ട്‌മെനടിന് സമീപമായാണ് പക്ഷിയെ കണ്ടത്. പക്ഷി പറക്കാൻ ശ്രമിക്കാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. വിമാനം നെടുമ്പാശ്ശേരിയിൽ ലാന്റ് ചെയ്തതിന് ശേഷം സാങ്കേതിക വിദഗ്ദരെത്തി പക്ഷിയെ പിടികൂടി ദൂരെ കൊണ്ടുപോയി പറത്തി വിടുകയായിരുന്നു. എന്നാൽ സംഭവം അതീവ ഗൗരവമുള്ള സുരക്ഷാ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിമാനം പറക്കുന്നതിനിടെ കോക്പിറ്റിനകത്ത് കിളി പറന്നിരുന്നെങ്കിൽ വിമാനത്തിന്റെ നിയന്ത്രണത്തെ വരെ ഇത് ബാധിക്കുമായിരുന്നു. ബഹറൈനിൽ വച്ച് വിമാനത്തിനകത്ത് പരിശോധന നടത്തിയ എഞ്ചിനീയർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആഗോള എയർലൈനുകളുടെ മൂന്നോളം വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവങ്ങളിലും ഡി.ജി.സി.എ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ എമർജൻസി ലാന്റിങ് നടത്തിയത്.
 

Latest News