ലഖ്‌നൗ- ലഖ്‌നൗവിലെ ലുലു മാളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനം പേരും ഹിന്ദു മതത്തിൽനിന്നുള്ളവരാണെന്ന് ലുലു അധികൃതർ. ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ െ്രെപവറ്റ് ലിമിറ്റഡ് റീജിയണൽ ഡയറക്ടർ ജയ്കുമാർ ഗംഗാധർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. ഉപഭോക്താവാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതെന്നും സർക്കാരിന്റെ നിയമങ്ങൾക്കനുസരിച്ചാണ് ഞങ്ങളുടെ സ്ഥാപനം വ്യാപാരം നടത്തുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഞങ്ങൾക്ക് ആവശ്യമുള്ള ജോലിക്കാരെ അവരുടെ ജാതിയോ വംശമോ മതമോ നോക്കിയല്ല, കഴിവ് നോക്കിയാണ് തെരഞ്ഞെടുക്കുന്നത്. ഇവിടെയുള്ള ജോലിക്കാർ പ്രാദേശികമായി ഉത്തർപ്രദേശിൽ നിന്നുള്ളവരും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഉണ്ട്. അതിൽ 80 ശതമാനത്തിലധികം ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റ് വിഭാഗങ്ങളിൽ നിന്നുമുള്ളവരുമാണ്. ചില ആരോപണങ്ങൾ ഉന്നയിച്ച് ഞങ്ങളുടെ സ്ഥാപനത്തെ ആക്രമിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ലക്ഷ്യമിടുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.