കയ്‌റോ - കയ്‌റോക്ക് തെക്ക് ടൂറിസ്റ്റ് കേന്ദ്രമായ ലക്‌സോറിൽ എയർബലൂൺ തകർന്ന് രണ്ടു വിനോദസഞ്ചാരികൾക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് മുപ്പതോളം പേർ സഞ്ചരിച്ച എയർ ബലൂൺ 60 മീറ്റർ ഉയരത്തിൽ നിന്ന് തകർന്നുവീണത്. അപകടത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. അപകടത്തെ തുടർന്ന് ലക്‌സോറിൽ എയർ ബലൂൺ സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി.
ഏതാനും എയർ ബലൂണുകൾ പറന്നുയരുകയും 60 മീറ്ററോളം ഉയരത്തിൽ എത്തുകയും ചെയ്തതോടെ ബലൂണുകളിൽ ഒന്ന് നിയന്ത്രണം വിട്ട് മറ്റൊരു ബലൂണിൽ കൂട്ടിയിടിക്കുകയും ബലൂണിൽ പൊട്ടലുണ്ടായി തകർന്നുവീഴുകയുമായിരുന്നെന്ന് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകട സമയത്ത് പ്രദേശത്ത് കാറ്റിന് ഏഴു നോട്ടിക്കൽ മൈൽ വേഗതയുണ്ടായിരുന്നു. പൊട്ടലുണ്ടായ ബലൂൺ താഴേക്കു വീണ് രണ്ടു യാത്രികർക്ക് നിസാര പരിക്കേറ്റു. ശേഷിക്കുന്നവർ സുരക്ഷിതരാണ്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കിയതായും ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പറഞ്ഞു. ഈജിപ്തിലെ പ്രശസ്മായ പുരാതന, പൈതൃക കേന്ദ്രമായ ലക്‌സോറിൽ സമീപ കാലത്ത് പലതവണ എയർബലൂൺ അപകടങ്ങളുണ്ടായിട്ടുണ്ട്.