Sorry, you need to enable JavaScript to visit this website.

ഗോദാവരിയിലെ മേഘവിസ്‌ഫോടനം വിദേശ ശക്തിയുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ വിശ്വസിക്കാമെങ്കില്‍ രാജ്യത്ത് ഈയിടെയുണ്ടായ മേഘവിസ്‌ഫോടനങ്ങള്‍  ഇന്ത്യയെ 'അസ്ഥിരപ്പെടുത്താന്‍' 'വിദേശ സ്ഥാപനങ്ങള്‍' രൂപകല്‍പ്പന ചെയ്തതാണ്.  ഗോദാവരി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ഭദ്രാചലം ടൗണില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായ ആളുകള്‍ക്ക് മുന്നിലാണ് അദ്ദേഹം ഞായറാഴ്ച ഈ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചത്.

'ക്ലൗഡ് ബസ്റ്റ് എന്ന പുതിയ പ്രതിഭാസമുണ്ട്. വെള്ളപ്പൊക്കത്തിന് കാരണമായ ഗോദാവരി മേഖലയില്‍ സംഭവിച്ചത് ഇതാണ്. ഈ മേഘവിസ്‌ഫോടനങ്ങള്‍ വിദേശ സ്രോതസ്സുകളുടെ ഗൂഢാലോചനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ ആദ്യം ലേലഡാക്കിലും പിന്നീട് ഉത്തരാഖണ്ഡിലും ഇപ്പോള്‍ ഗോദാവരി മേഖലയിലും മേഘവിസ്‌ഫോടനം നടത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഈ മേഘവിസ്‌ഫോടനങ്ങള്‍ നടത്തുന്നതെന്ന സിദ്ധാന്തങ്ങളുണ്ട്- മുഖ്യമന്ത്രി അവകാശപ്പെട്ടു.
കനത്ത മഴയും ഒഴുക്കും ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തില്‍ ഗോദാവരിയിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരാന്‍ കാരണമായി. ഇത്രയും വലിയ ജലനിരപ്പും വെള്ളപ്പൊക്കവും അവസാനമായി കണ്ടത് 1986ലാണെന്ന് പഴമക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ റാവു സന്ദര്‍ശിച്ചു, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന ഉയര്‍ന്ന സ്ഥലങ്ങളില്‍ കോളനികള്‍ നിര്‍മ്മിക്കാന്‍ 1,000 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. അവിടെ താമസിക്കുന്ന സമയത്ത് ഒരു കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപയും വീട്ടിലേക്ക് മടങ്ങുമ്പോള്‍ സൗജന്യ അരിയും അവശ്യവസ്തുക്കളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഗോദാവരി പോഷകനദിയിലെ കടേം അണക്കെട്ട് വെള്ളപ്പൊക്കത്തെ അത്ഭുതകരമായി അതിജീവിച്ചുവെന്നും റാവു പറഞ്ഞു. 'അണക്കെട്ട് അതിജീവിച്ചത് ദൈവത്തിന്റെ അത്ഭുതമാണ്. ഇതിന്റെ പരമാവധി ശേഷി ഏകദേശം 2.90 ലക്ഷം ക്യുസെക്‌സാണ്, എന്നാല്‍ ഈ പ്രളയകാലത്ത് ഇത് 5 ലക്ഷം ക്യുസെക്‌സിലെത്തി, അത് ഇപ്പോഴും നില്‍ക്കുന്നത് ഒരു അത്ഭുതമാണ്. ഭാഗ്യവശാല്‍, കനത്ത വെള്ളപ്പൊക്കമുണ്ടായിട്ടും ജീവഹാനി സംഭവിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

 

Latest News