Sorry, you need to enable JavaScript to visit this website.

മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.  പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്  മാര്‍ഗരറ്റ് ആല്‍വ (80)യുടെ സ്ഥാനാര്‍ത്ഥിത്വം  പ്രഖ്യാപിച്ചത്.

ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിട്ടുളള മാര്‍ഗരറ്റ് ആല്‍വ കര്‍ണാടകയിലെ മംഗലൂരുവില്‍ 1942 ഏപ്രില്‍ 14നാണ് ജനിച്ചത്. 1969ല്‍ ഭര്‍ത്തൃമാതാവായ വയലറ്റ് ആല്‍വയുടെ മരണശേഷമാണ് മാര്‍ഗരറ്റ് ആല്‍വ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1974ല്‍ രാജ്യസഭാംഗമായി. 1984ല്‍ കേന്ദ്രമന്ത്രിയായി. 1999ല്‍ ഉത്തര കന്നടയില്‍നിന്ന്് ലോക്സഭയിലെത്തി.

പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ആല്‍വയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തൃണമൂലടക്കം 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് ശരദ് പവാര്‍ അറിയിച്ചു.എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികളടക്കം ശരദ് പവാര്‍ വിളിച്ച യോഗത്തിനെത്തിയിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

ജൂലായ് 19 വരെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം. സൂക്ഷ്മ പരിശോധന 20ന്. 21വരെ പത്രിക പിന്‍വലിക്കാം.ഓഗസ്റ്റ് ആറിനാണ് തെരഞ്ഞെടുപ്പ്.

 

Latest News