Sorry, you need to enable JavaScript to visit this website.

തകരാറുകള്‍ തുടര്‍ക്കഥ; സ്‌പൈസ് ജെറ്റ് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയില്‍ ഹരജി

ന്യൂദല്‍ഹി-തകരാറുകള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍  സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് കാണിച്ച് ദല്‍ഹിയിലെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

ആവര്‍ത്തിക്കുന്ന അപകടങ്ങളില്‍ നേരത്തെ ഡി ജി സി എ സ്‌പൈസ് ജെറ്റ് കമ്പനിയോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ 18 ദിവസങ്ങളിലായി എട്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങളിലാണ് തകരാറുകള്‍ കണ്ടെത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും സുരക്ഷയെ ബാധിക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്‍ഹ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്.

അതിനിടെ, 48 മണിക്കൂറിനിടെ നാല് വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തിയതായി ഡിജിസിഎ അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ടതും, ഇങ്ങോട്ട് വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജി 9-426 എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാര്‍ മൂലം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
 ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം സമ്മര്‍ദ്ദപ്രശ്‌നത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്‌ക്കത്തില്‍ ഇറക്കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും ഹൈഡ്രോളിക് തകരാര്‍ കാരണം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

 

Latest News