Sorry, you need to enable JavaScript to visit this website.

എതിർപ്പുണ്ടെന്നു കരുതി വികസന പദ്ധതികൾ ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി

കണ്ണൂർ - ചിലരുടെ എതിർപ്പുണ്ടെന്നു കരുതി മാത്രം വികസന പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. മമ്പറം പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മമ്പറം പഴയ പാലത്തിന് സമാന്തരമായി പുതിയ പാലവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത്.നാടിന്റെ പൊതു നന്മ മുൻനിർത്തി പശ്ചാത്തല വികസനം സാധ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന് വാശിയുണ്ട്. ദേശീയ പാത സ്ഥലമേറ്റെടുപ്പിൽ സർക്കാരിന് എന്തിനാണ് ഇത്ര വാശിയെന്നാണ് ചിലർ ചോദിക്കുന്നത്. നാടിന്റെ ഭാവിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സർക്കാരല്ലാതെ പിന്നെ ആരാണ് വാശി കാണിക്കേണ്ടത്.
പശ്ചാത്തല സൗകര്യ വികസനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളാരും എതിർക്കുന്നില്ല. എതിർക്കുന്നവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ട്. ചിലരുടെ എതിർപ്പുണ്ടെന്നു കരുതി മാത്രം വികസന പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ പൊതു നന്മ മുൻനിർത്തി അത് വിട്ടുനൽകാനാണ് ജനങ്ങൾ തയ്യാറാവേണ്ടത്. നല്ല പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നൽകി അവരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം നൽകി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു ചില സംസ്ഥാനങ്ങളിൽ ദേശീയപാതയ്ക്ക് ഒരു കിലോമീറ്റർ സ്ഥലം ഏറ്റെടുക്കാൻ 65 ലക്ഷം രൂപ മാത്രം ചെലവ് വരുമ്പോൾ കേരളത്തിൽ അത് ആറ് കോടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിയുമായി ചെറിയ തർക്കം നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യത കുറഞ്ഞ കേരളത്തിൽ നഷ്ടപരിഹാരത്തുക കുറയ്ക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് കേരളം. ഈ സാഹചര്യത്തിൽ കിലോമീറ്ററിന് 142 കോടി ചെലവു വരുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രാലയവും  ദേശീയ പാതാ അതോറിറ്റിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് നടന്ന സർവകക്ഷി യോഗത്തിൽ ദേശീയപാതാ വികസനം 45 മീറ്ററിൽ വേണമെന്ന കാര്യത്തിൽ മുഖ്യധാരാ പാർട്ടികളെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ചില എതിർപ്പുകൾ ഉയർന്നുവന്നപ്പോൾ ദേശീയ പാതാവികസനം തൽക്കാലം മാറ്റിവെക്കുകയെന്ന സമീപനമാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. നേരത്തേ പൂർത്തിയാക്കാമായിരുന്ന ദേശീയപാതാ വികസനം വൈകാൻ ഇത് ഇടവരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പി.കെ ശ്രീമതി ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മുൻ എം.എൽ.എമാരായ എം.വി.ജയരാജൻ, കെ.കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.  
 

Latest News