ഇന്ത്യയിലെ ഏക നാടോടി മുസ്ലിം ആദിവാസി വിഭാഗമാണ് ആസിഫയുടെ ഗോത്രമായ ബകര്‍വാല്‍
ജമ്മു കശ്മീരിലെ ആസിഫയാണല്ലോ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആസിഫയുടെ മുസ്ലിം ഗോത്രവര്‍ഗ പശ്ചാത്തലമാണ് കൊടും നീതി നിഷേധത്തിനിരയായിട്ടും ഭരണകൂടം നിസ്സംഗത പാലിക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ ഇവിടെ പറയുന്നത് ആസിഫ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചല്ല. ആസിഫയുടെ ഗോത്രത്തെ കുറിച്ചാണ്.
ഇന്ത്യയിലെ ഏക Nomaic Muslim ഗോത്ര വര്‍ഗമാണ് ആസിഫയുടെ സമുദായമായ ബകര്‍വാല്‍. മധേഷ്യയില്‍ നിന്ന് നൂറ്റാണ്ടുകള്‍ മുന്നെ ഇന്ത്യയിലെത്തിയവരാണ് ഗുജ്ജറുകള്‍ (ഗുര്‍ജരന്‍മാര്‍). അവരിലെ ദേശാടനക്കാരാണ് ബക്കര്‍വാലുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ ഗുജ്ജര്‍ വിഭാഗങ്ങള്‍ ഒബിസിക്കാരായാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ജമ്മു കശ്മീരില്‍ അവര്‍ പട്ടികവര്‍ഗമാണ്.
ജമ്മു കാശ്മീരിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് ബക്കര്‍വാലുകള്‍. നല്ലൊരു വിഭാഗം മുഴുസമയ നാടോടികളാണ്; ചിലര്‍ അര്‍ദ്ധ നാടോടികളും ചുരുക്കം ചിലര്‍ സ്ഥിരവാസികളും. കന്നുകാലി വളര്‍ത്തലാണ് (പ്രത്യേകിച്ച് ആട്, ചെമ്മരിയാട് തുടങ്ങിയവ) പ്രധാന ഉപജീവന മാര്‍ഗം. ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലായി കാണപ്പെടുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബകര്‍ വാല്‍ സാന്നിധ്യമുണ്ട്. വസന്ത കാലത്തിന്റെ തുടക്കത്തില്‍ ആടുകളും കുതിരകളും കാവല്‍ നായ്ക്കളുമൊക്കെയടങ്ങുന്ന വലിയ മൃഗപറ്റങ്ങളുമായി ദേശാടനത്തിനിറങ്ങുന്ന ഇവരില്‍ നല്ലൊരു വിഭാഗവും ശൈത്യകാലത്തിന്റെ ആരംഭം വരെ കശ്മീരിന്റെ വിവിധ പുല്‍മേടുകളില്‍ അലയുന്നു. വര്‍ഷം മുഴുവനും നാടോടികളായി കഴിയുന്നവരും ഉണ്ട്.ഗുജജറുകളുടെ പൊതു ഭാഷയായ ഗോജ്രിയാണ് ഇവരു സംസാരഭാഷ. ഉര്‍ദുവിനോട് ഏറെ സാമ്യമുണ്ട് ഇതിന്. ഉര്‍ദു ഹിന്ദി കടന്നു കയറ്റത്തില്‍ വലിയ ഭീഷണി നേരിടുന്നുണ്ട് ഇവരുടെ ഭാഷയും.
ജമ്മു കശ്മീരിലെ പ്രബല വിഭാഗങ്ങളായ കശ്മീരികള്‍, ഡോഗ്രകള്‍, പഞ്ചാബികള്‍ തുടങ്ങിയവര്‍ വലിയ തോതില്‍ സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഗുജ്ജറുകളും ബക്കര്‍ വാലുകളും ഇപ്പോഴും പിന്നാക്കാവസ്ഥയില്‍ തന്നെയാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗമാണ് ഇവര്‍. അലഞ്ഞു തിരിയല്‍ ജീവിതമാര്‍ഗമായതിനാല്‍ വിദ്യാഭ്യാസആരോഗ്യരംഗത്തും സാമൂഹിക പുരോഗതിയിലുമൊക്കെ വളരെ പിന്നില്‍. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതിന്റെയൊക്കെ ഗുണഫലം വല്ലാതെയൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ രണ്ടേ രണ്ട് ആദിവാസി വിഭാഗങ്ങളില്‍ ഒന്നെന്ന നിലക്ക് (മറ്റൊന്ന് ലക്ഷദ്വീപുകാര്‍) നിരവധി അവസരങ്ങള്‍ ഇവരുടെ മുന്നിലുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മറ്റു കാര്യങ്ങളോ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമി ശാസ്ത്ര പ്രത്യേകതള്‍ കാരണം ഇവര്‍ക്ക് അപ്രാപ്യമാണ്. ആസിഫ വിഷയത്തില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിട്ടും കുറ്റവാളികള്‍ക്ക് ഭരണതലത്തില്‍ സ്വാധീനം ലഭിക്കുന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവില്‍ ഭരണ രംഗത്ത് ഹിന്ദുത്വ ശക്തികള്‍ക്കുള്ള മേല്‍ക്കൈ ഇവര്‍ക്കൊക്കെ പലപ്പോഴും ഒരു വലിയ പ്രതിസന്ധി തന്നെയാണ്. നേരത്തെ സൂചിപ്പിച്ച പോലെ കാശ്മീരി ഭാഷ സംസാരിക്കുന്ന മുസ്ലികള്‍ ഇന്ത്യയിലെ മറ്റേത് മുസ് ലിം വിഭാഗക്കളേക്കാളും വിദ്യാഭ്യാസ രംഗത്ത് മുന്നില്‍ തന്നെയാണ്. ഇന്ത്യയിലെ പ്രധാന യൂണിവേഴ്‌സിറ്റികളിലൊക്കെ (കേരളത്തിലടക്കം) അവരുടെ ശക്തമായ സാന്നിധ്യമുണ്ട്. സാമ്പത്തികമായും ഇവര്‍ പിന്നിലല്ല. എന്നാല്‍ അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗുജ്ജര്‍ ബകര്‍വാലുകള്‍ ഇപ്പോഴും പൊതു സമൂഹത്തിന്റെ ശ്രദ്ധാവിഷയമായിട്ടില്ല.
-മുഹമ്മദ് റാഫി വിളയില്‍