ശ്രീനഗര്‍- ജമ്മു കശ്മ്രിലെ കതുവയില്‍ മുസ്ലിം ആയതിന്റെ പേരില്‍ ആസിഫ എന്ന ബാലികയെ ഹിന്ദുത്വ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തില്‍ തടങ്കലിലിട്ട് കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം സംസ്ഥാനം ഭരിക്കുന്ന പിഡിപി-ബിജെപി സഖ്യത്തിലും വിള്ളലുണ്ടാക്കിയേക്കുമെന്ന് സൂചന. ഈ ബന്ധത്തിനിതെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രിയും പിഡിപി നേതാവുമായി മെഹ്ബൂബ മുഫതിയുടെ സഹോദരനും ടൂറിസം മന്ത്രിയുമായ തസദുഖ് മുഫ്തി രംഗത്തെത്തി. ഈ കുറ്റകൃത്യത്തില്‍ ബിജെപിയും പിഡിപിയും തുല്യപങ്കാളികളാണെന്നും ഇതിന്റെ പേരില്‍ കശമീരീ ജനത ഒന്നടങ്കം രക്തം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും കതുവ കൊലപാതകം ചൂണ്ടിക്കാട്ടി തസദുഖ് പ്രതികരിച്ചു.
ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പിഡിപിക്കുള്ളില്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തസദുഖ് പിഡിപിയുടെ ഔദ്യോഗിക വക്താവല്ലെങ്കിലും മുഖ്യമന്ത്രിയുടെ സഹോദരന്‍, പാര്‍ട്ടി നേതാവ് മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ സഈദിന്റെ മകന്‍ എന്നീ നിലകളില്‍ കരുത്തനായ മുസദഖിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്.
ഭരണത്തിലുണ്ടെങ്കിലും ഞങ്ങളെ വിശ്വാസമില്ലെന്നതാണ് ഇന്നത്തെ ഭീഷണി. ജമ്മു കശ്മരീന്റെ പുനര്‍നിര്‍മ്മാണത്തിനായിരുന്നു ഞങ്ങളുടെ കുട്ടൂകെട്ട്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ ഞങ്ങള്‍ കുറ്റൃകൃത്യത്തില്‍ പങ്കാളികളായി മാറിയെന്ന് തുറന്നു പറയുന്നതില്‍ ദുഖമുണ്ട്. ഇതിന്റെ പേരില്‍ കശ്മീരി തലമുറ ഒന്നടങ്കം രക്തം നല്‍കി പിഴയൊടുക്കിക്കൊണ്ടിരിക്കുകയാണ്-മുസദഖ് പറഞ്ഞു.
കേന്ദ്രം പിടിവാശി ഉപേക്ഷിച്ച് കശ്മീരിലെ പ്രശ്‌നങ്ങളെ തിരിച്ചറിയണം. സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം. രാഷ്ട്രീയ നടപടികള്‍ പുനരാംഭിക്കണം. സഖ്യം മുന്നോട്ടു വച്ച അജണ്ടകള്‍ നടപ്പിലാക്കണം. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ പിഡിപിക്ക് ജനങ്ങളോട് അവരെ പ്രശ്‌നങ്ങളിലേക്ക് തള്ളിയിട്ടതിന് മാപ്പുപറയേണ്ടിവരും.
കതുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നതും പ്രതികള്‍ക്കനുകൂലമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ റാലി നടത്തിയതിനും പുറമെ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായതും 18 സാധാരണക്കാര്‍ കൊല്ലപ്പെടതുമെല്ലാം ബിജെപി-പിഡിപി ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയേക്കും.
പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നതും തുടര്‍ന്ന് ഈ സംഭവത്തിന്റെ പേരില്‍ നടന്ന വര്‍ഗീയ രാഷ്ട്രീയ നീക്കങ്ങളും സംസ്ഥാനത്തിന് പേരുദോഷമുണ്ടാക്കുകയും ഞങ്ങള്‍ക്ക് നാണക്കേടാകുകയും ചെയ്തിരിക്കുന്നു. സഖ്യകക്ഷി രാഷ്ട്രീയം എന്നത് പരാജയങ്ങളുടെ ഒരു പരമ്പരയും കളങ്കങ്ങളുമാണെങ്കില്‍ ഇതൊക്കെ എങ്ങനെ മറച്ചു വയ്ക്കണമെന്ന് എനക്കറിയില്ല, ക്ഷമിക്കണം- മുസദഖ് രൂക്ഷമായി പ്രതികരിച്ചു. കശ്മീരി ജനതയെ ഒറ്റപ്പെടുത്തുന്ന പ്രവണ അങ്ങേയറ്റത്തെത്തിയിരിക്കുന്നുവെന്നും ഇത് ഏതു ചരിത്രത്തില്‍ സമാനതകളില്ലാത്ത വലിയ രക്തചൊരിച്ചിലിലേക്ക് നയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.