ഇസ്ലാമാബാദ്- മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചു കൊണ്ട് സുപ്രീം കോടതി വിധി. പാര്‍ലമെന്റ് അംഗമാകുന്നതില്‍ നിന്നും മറ്റു സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതില്‍ നിന്നും കോടതി നവാസ് ഷരീഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പാനമ രേഖകളിലൂടെ നവാസിന്റെ രഹസ്യ വിദേശ നിക്ഷേപവിവരം പുറത്തു വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് നേരത്തെ അദ്ദേഹത്തെ സര്‍ക്കാര്‍ പദവികളില്‍ നിന്നും വിലക്കിയിരുന്നു. ഭരണഘടനയുടെ 62-ാം അനുച്ഛേദം അനുസരിച്ച് പാര്‍ലമന്റ് അംഗമാകണെങ്കില്‍ പൗരന്‍ വിശ്വസ്ഥനും സത്യസന്ധനുമായിരിക്കണം എന്ന നിബന്ധനയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതി നവാസിനെ വിലക്കിയത്. എന്നാല്‍ ഇതു എത്ര കാലത്തേക്കാണെന്നതു സംബന്ധിച്ച് അവ്യക്തയുണ്ടായിരുന്നു. ഇന്നത്തെ വിധിയോടെ ഇതു വ്യക്തമായി. നവാസിനൊപ്പം പാക്കിസ്ഥാന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ജഹാംഗീര്‍ തരീനിനും വിലക്കുണ്ട്്.
ലണ്ടനില്‍ സ്വത്തു വാങ്ങാന്‍ 1990-കളില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലും നവാസ് ഉള്‍പ്പെട്ടിട്ടുണ്ട്. പാനമ രേഖകളിലൂടെ പുറത്തു വന്ന അഴിമതി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷിച്ചു വരികയാണ്.