ന്യൂദല്‍ഹി- ജമ്മുവിലെ കതുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കിരാത സംഭവത്തില്‍ അഭിഭാഷക സംഘടനക്കെതിരെ സുപ്രീം കോടതി നടപടിക്കൊരുങ്ങുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് ക്രൈംബ്രാഞ്ചിനെ തടയാന്‍ ബന്ദ് പ്രഖ്യാപിച്ച ബാര്‍ അസോസിയേഷന്‍ നടപടിക്ക് തെളിവ് ഹാജരാക്കാന്‍ അഭിഭാഷകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ബാര്‍ അസോസിയേഷനെതിരെ സ്വമേധയാ നടപടിയെടുക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകന്‍ പി.വി ദിനേശിനോട് ആവശ്യപ്പെട്ടത്.
കതുവയില്‍ ബാലികയെ പീഡിപ്പിച്ചുകൊന്നവരെ പിന്തുണച്ചുകൊണ്ട് അഭിഭാഷക സംഘടന രംഗത്തുവന്ന കാര്യം ദിനേശാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. രേഖാമൂലം എന്തെങ്കിലും ആവശ്യമാണെന്നും തങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്നും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ നടപടി കണക്കിലെടുത്ത് നിയമം നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബാര്‍ കൗണ്‍സിലിനു നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കുമെന്ന് ബെഞ്ച് ഉറപ്പു നല്‍കി.