ന്യൂദല്‍ഹി- വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ പീതംപുരയില്‍ നാലുനില അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ തീപ്പിടുത്തത്തില്‍ അകപ്പെട്ട് മൂന്ന് വയസ്സുള്ള പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാലംഗ കുടുംബം വെന്തു മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. 2.15-ഓടെയാണ് തങ്ങള്‍ക്കു വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. ഉടന്‍ എട്ട് അഗ്നിശമന യൂണിറ്റുകള്‍ അപകടസ്ഥലത്തെത്തിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ആറു പേരെ രക്ഷിക്കുകയും ചെയ്തു. ഒന്നാം നിലയിലാണ് അഗ്നിബാധയുണ്ടായത്. ഇത് അതിവേഗം മറ്റു മൂന്ന് നിലകളിലേക്കു പടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ 90-കാരന്റെ നില ഗുരുതരമാണ്.
കെട്ടിടത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങള്‍ക്കും തീപിടിത്തതില്‍ കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിലെ പമ്പ് റൂമില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് അയല്‍ക്കാര്‍ പറയുന്നു. അഗ്നിശമന സേനയെ ഉടന്‍ വിവരമറിയിച്ചെങ്കിലും വൈകിയാണ് എത്തിയതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.