പട്‌ന- ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ ഭീകര സംഘത്തെ തകര്‍ത്തതായി പോലീസ് അറിയിച്ചു. രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പദ്ധതിയിട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശന വേളയില്‍ ആക്രമണം നടത്താനും ഗൂഢാലോചന നടത്തിയിരുന്നു. അത്തര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനത്തിന് 15 ദിവസം മുമ്പ് ഫുല്‍വാരി ശരീഫില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ക്ക് പരിശീലനം നല്‍കിയതായും പോലീസ് പറഞ്ഞു. പ്രധാനമന്ത്രി മോഡിയെ ലക്ഷ്യമിടാനുള്ള വഴികള്‍ ആസൂത്രണം ചെയ്യാന്‍ ജൂലൈ ആറ്, ഏഴ് തീയതികളില്‍ യോഗങ്ങള്‍ നടത്തി. ഭീകരരെന്ന് സംശയിക്കുന്നവരുടെ ഫുല്‍വാരി ശരീഫിലെ ഓഫീസില്‍ ബിഹാര്‍ പോലീസ് റെയ്ഡ് നടത്തി.
റെയ്ഡില്‍ 2047 ഇന്ത്യ ടുവേര്‍ഡ് റൂള്‍ ഓഫ് ഇസ്ലാമിക് ഇന്ത്യ ഉള്‍പ്പെടെയുള്ള കുറ്റകരമായ രേഖകള്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
ഇവരില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ലഘുലേഖകളും കണ്ടെടുത്തു. പട്നയിലെ ഫുല്‍വാരി ശരീഫ് മേഖലയില്‍ തീവ്രവാദി മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ്ക്ക് വിവരം ലഭിുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും കേന്ദ്ര ഏജന്‍സികളും പ്രദേശത്ത് റെയ്ഡ് നടത്തിയാണ് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തത്.
കേരളം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഭീകരാക്രമണ പരിശീലനം നേടുന്നതിനായി ഇവിടം സന്ദര്‍ശിച്ച യുവാക്കളില്‍ ഭൂരിഭാഗവുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദേശവിരുദ്ധ പ്രചാരണങ്ങള്‍ നടത്താന്‍ അറസ്റ്റിലായ ഇരുവരും പണം നേടിയിരുന്നതായും പൗലീസ് വെളിപ്പെടുത്തി.
അറസ്റ്റിലായവര്‍ ഝാര്‍ഖണ്ഡിലെ വിരമിച്ച പോലീസ് ഓഫീസര്‍ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ജലാലുദ്ദീന്‍ നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധപ്പെട്ടിരുന്നുവെന്നും ഫുല്‍വാരി ശരീഫ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.
വാളും കത്തിയും എങ്ങനെ ഉപയോഗിക്കാമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പട്നയില്‍ അവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സന്ദര്‍ശകര്‍ ബീഹാര്‍ തലസ്ഥാനത്തെ ഹോട്ടലുകളില്‍ താമസിച്ച് തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റുന്നതും പതിവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്നിട്ടുണ്ട്. ഈ കേസില്‍ മൂന്നാമതൊരു പ്രതിയെ പിടികൂടിയതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.