മക്ക - നാളെ(വെള്ളി) ഉച്ചക്ക് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിന്റെ നേർ ലംബത്തിൽ വരും. വർഷത്തിൽ രണ്ടു തവണയാണ് സൂര്യൻ കഅ്ബാലയത്തിന് നേരെ മുകളിൽ വരുന്ന പ്രതിഭാസമുണ്ടാവുക. ഈ വർഷം സൂര്യൻ കഅ്ബാലയത്തിനു നേരെ മുകളിൽ വരുന്ന രണ്ടാമത്തെയും അവസാനത്തെയും പ്രതിഭാസമാണ് നാളത്തെത്.
ഈ പ്രതിഭാസം വർഷത്തിൽ രണ്ടു തവണയാണ് മക്കയിൽ ആവർത്തിക്കുകയെന്ന് അറബ് യൂനിയൻ ഫോർ ആസ്ട്രോണമി ആന്റ് സ്പേസ് സയൻസ് അംഗമായ ഗോളശാസ്ത്ര ഗവേഷകൻ മുൽഹിം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു. ഉച്ച സമയത്ത് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിന്റെ നേർ ലംബത്തിൽ വരുന്ന നേരത്ത് സൂര്യനെ കാണാൻ കഴിയുന്ന ലോകത്തെ ഏതു സ്ഥലത്തു വെച്ചും ഖിബ്ലയുടെ ദിശ കൃത്യമായും എളുപ്പത്തിലും നിർണയിക്കാൻ ആർക്കും സാധിക്കും. സൂര്യന്റെ ദിശ നോക്കിയോ വടി നാട്ടിവെച്ച് നിഴലിന്റെ എതിർദിശ നോക്കിയോ ആണ് ഖിബ്ലയുടെ ദിശ നിർണയിക്കേണ്ടത്. ഉച്ചക്ക് ദുഹ്ർ ബാങ്ക് സമയത്ത് 12.27 ന് ആണ് സൂര്യൻ കഅ്ബാലയത്തിന് നേർ ലംബമായി വരിക. ഈ സമയത്ത് മക്കയിൽ വിശുദ്ധ കഅ്ബാലയത്തിനും മറ്റു കെട്ടിടങ്ങൾക്കും അൽപം പോലും നിഴൽ ഉണ്ടാകില്ലെന്നും മുൽഹിം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു.