ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ കതുവയില്‍ എട്ടു വയസ്സുകാരിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം വൈകിയാണെങ്കിലും രാജ്യ മനഃസാക്ഷിയെ ഉണര്‍ത്തി. ജമ്മുവിനു സമീപം കതുവ ഗ്രാമത്തിലെ നാടോടി മുസ്‌ലിംകളെ ഭീതിയിലാക്കി ആട്ടിയോടിക്കുന്നതിന് ആസ്രൂതണം ചെയ്ത കിരാത കൃത്യത്തെ തുടര്‍ന്ന് കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വന്നതാണ് ഭരണ കക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും പ്രതികരണത്തിലേക്ക് വഴി തുറന്നത്. കല്ലെറിഞ്ഞ് കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് അവസാന അവസരമായി കണ്ട് മുന്‍ പോലീസുകാരന്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
കേന്ദ്ര മന്ത്രി വി.കെ. സിംഗ് ട്വിറ്ററില്‍ നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തു വന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. ദശലക്ഷണക്കിനു ഇന്ത്യക്കാരെ പോലെ താന്‍ അനുഭവിക്കുന്ന ഹൃദയവേദന ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതിഷേധ ജാഥയിലേക്ക് ജനങ്ങളെ ക്ഷണിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ, പ്രിയങ്കാ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു.
കുതിരയെ മേയ്ക്കുന്നതിന് വീട്ടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഒരാഴ്ചയോളം പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഭവം മൂടിവെക്കുന്നതിനു ശ്രമം നടന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മുവിലെ അഭിഭാഷക സമൂഹം രംഗത്തു വന്നു. ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ടാണ് അവര്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നീക്കം തടയാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി അനുഭവിച്ച ക്രൂരപീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കുറ്റപത്രത്തിലൂടെ പുറത്തു വന്ന ശേഷം ദല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു സമാനമായാണ് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സംഭവത്തെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തെത്തി.
പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാനാകാത്ത ക്രൂരകൃത്യമാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടുകൂടാ. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യം മനുഷ്യ കുലത്തിനെതിരെ നടക്കുന്ന ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഈ പെണ്‍കുട്ടിയുടെ മുന്നില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടെന്നായിരുന്നു കേന്ദ്ര മന്ത്രി വി.കെ. സിംഗിന്റെ പ്രതികരണം. സംഭവത്തില്‍ ഒരു ബി.ജെ.പി മന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. പെണ്‍കുട്ടിക്കു നീതി നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച കതുവ, ഉന്നാവോ സംഭവങ്ങളില്‍ വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം. ഉന്നാവോ, കതുവ പീഡനക്കേസുകളില്‍ ശക്തമായ നടപടിയെടുക്കണമെന്നു ബോളിവുഡ് ലോകവും ആവശ്യപ്പെട്ടു. ജാവേദ് അക്തര്‍, അഭിഷേക് ബച്ചന്‍, സ്വര ഭാസ്‌കര്‍, ഹന്‍സല്‍ മേഹ്ത തുടങ്ങിയവരും സമൂഹ മാധ്യമത്തിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു.