ന്യൂദൽഹി-പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. യു.എ.പി.എ. കേസിൽ സഞ്ജയ് ജെയ്ൻ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി നൽകിയ ജാമ്യം ശരിവെച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ആധുനിക് പവർ ആൻഡ് നാച്ചുറൽ റിസോഴ്സസ് എന്ന കമ്പനിയുടെ ജനറൽ മാനേജരായ സഞ്ജയ് ജയിനിനെ 2018-ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത്. ഝാർഖണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്.
2021-ൽ ജെയിനിന് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും പണമോ ലെവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യു.എ.പി.എ. നിയമം നിലനിൽക്കുമോ എന്ന കാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ.ഐ.എ സുപ്രീം കോടതിയെ സമീപിച്ചത്. എൻ.ഐ.എയുടെ ഹരജി സുപ്രീം കോടതി തള്ളി.