കൊളംബോ- പസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ്ര്രപധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് രാജ്യം വിട്ട വിവരം പുറത്തുവന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങിയിരിക്കയാണ്.പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതബയയും കുടുംബവും മാലദ്വീപിലേക്ക് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാജി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ ഗോതബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി റനില്‍ വിക്രമിസിംഗെ സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ശ്രീലങ്കയില്‍ പ്രതിഷേധം ആളിക്കത്തിയതോടെയാണ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന രാജപക്‌സെ സഹോദരങ്ങള്‍ക്ക് അടിപതറിയത്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ നേരത്തേ പ്രധാനമന്ത്രി പദമൊഴിഞ്ഞെങ്കിലും ഗോതബയ അധികാരമൊഴിയാന്‍ കൂട്ടാക്കിയിരുന്നില്ല.