അഹമ്മദാബാദ്- 2002ലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് എസ്.ഐ.ടി. സംഘം ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മയക്കുമരുന്ന് കേസില്‍ 2018 മുതല്‍ ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂര്‍ ജയിലില്‍ തടവിലുള്ള സഞ്ജീവ് ഭട്ടിനെ പ്രത്യേക ഉത്തരവുമായെത്തിയാണ് ചൊവ്വാഴ്ച രാത്രി എസ്.ഐ.ടി. അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് ഭട്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡി.സി.പി ചൈതന്യ മണ്ഡലിക് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം കൂടിയാണ് ചൈതന്യ മണ്ഡലിക്. കഴിഞ്ഞമാസമായിരുന്നു തീസ്ത സെതല്‍വാദിനേയും ആര്‍.ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തത്.
2002ലെ കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിനെ തുടര്‍ന്നയിരുന്നു രണ്ടുപേരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.