ലഖ്‌നൗ- ലഖ്‌നൗ ലുലു മാളിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഷോപ്പിംഗ് ആഘോഷമാക്കി യു.പിക്കാര്‍. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ കാണാന്‍ യു.പിക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷന്‍ സ്‌റ്റോറിലും, ലുലു കണക്ടിലും അന്‍പത് ശതമാനം വരെയുള്ള ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. മാളിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് സെന്ററായ ഫണ്‍ടൂറയിലെ വിദേശ റൈഡുകളടക്കം പരിചയപ്പെടാന്‍ മുതിര്‍ന്നവരും കുരുന്നുകളും ഒരുപോലെയെത്തി. വൈകുന്നേരം തിരക്ക് കൂടിയതോടെ മാളിലെ അതിവിശാലമായ ഫുഡ് കോര്‍ട്ടും നിറഞ്ഞു.
22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പിവിആറിന്റെ 11 സ്‌ക്രീനുകളുള്ള അത്യാധുനിക തീയറ്ററുകളും വൈകാതെ മാളില്‍ തുറക്കും. 3000 വാഹനങ്ങള്‍ ഒരേസമയം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിംഗ് ഏരിയയാണ് മാളിനെ തുടക്കത്തില്‍ തന്നെ ജനപ്രിയമാക്കിയിരിയ്ക്കുന്ന മറ്റൊരു ഘടകം.