റിയാദ് - ഞായറാഴ്ച ദമാമിൽ ചേരുന്ന 29 ാമത് അറബ് ഉച്ചകോടി ഇറാന് വ്യക്തമായ മുന്നറിയിപ്പ് നൽകുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് പറഞ്ഞു. ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകി സൗദിക്കെതിരെ പ്രയോഗിക്കാൻ പ്രേരിപ്പിക്കുന്ന പശ്ചാത്തലത്തിലാണിത്.
ഇറാൻ ആണവ കരാറിൽ ഭേദഗതികൾ വരുത്തണമെന്ന് ഉച്ചകോടി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടും. ഭൂരിഭാഗം അറബ് രാഷ്ട്ര നേതാക്കളും ഉച്ചകോടിയിൽ സംബന്ധിക്കും. രോഗികളോ യാത്രക്ക് സാധിക്കാത്തവരോ മാത്രമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിർക്കുന്നത്.
ഖത്തർ പ്രശ്നം ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തില്ല. സൗദി നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ചിട്ടുണ്ട്. സിറിയയുടെ സീറ്റ് ഇത്തവണയും ഒഴിഞ്ഞുകിടക്കും. അറബ് ലീഗിൽ നിന്ന് സിറിയയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. യെമൻ സംഘർഷത്തിന് വേഗത്തിൽ പരിഹാരമാകുമെന്ന് കരുതുന്നില്ല. ഗാസയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങളിൽ ദമാം ഉച്ചകോടി ശക്തമായ നിലപാട് സ്വീകരിക്കും. സിറിയൻ ജനതക്കെതിരായ രാസായുധ പ്രയോഗത്തെ അപലപിക്കുന്ന പ്രമേയങ്ങൾ അറബ് ഉച്ചകോടി പതിവായി അംഗീകരിക്കാറുണ്ട്. ഇത്തവണത്തെ ഉച്ചകോടിയും ഇതിൽ നിന്ന് വിഭിന്നമായിരിക്കില്ലെന്നും അഹ്മദ് അബുൽഗെയ്ത്ത് പറഞ്ഞു.
ഇറാന്റെ ഇടപെടലുകൾ അറബ് രാജ്യങ്ങളിൽ വിഭാഗീയതക്ക് വളംവെക്കുകയാണെന്ന് അറബ് ലീഗ് വക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ നിലപാട് യെമൻ സംഘർഷം അനുദിനം മൂർഛിപ്പിക്കുകയാണ്.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ആഫ്രിക്കൻ യൂനിയൻ കമ്മീഷണർ മൂസ ഫകി, യൂറോപ്യൻ യൂനിയൻ വിദേശ നയ, സുരക്ഷാ ഉന്നത പ്രതിനിധി ഫെഡറിക മൊഗേരിനി, സിറിയയിലേക്കുള്ള യു.എൻ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തൂറ അടക്കമുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും.
ഗാസയിലെ പുതിയ ആക്രമണങ്ങളുടെയും ജറൂസലമിലേക്ക് യു.എസ് എംബസി മാറ്റുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തിന്റെയും പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രശ്നം ഉച്ചകോടിയിലെ പ്രധാന അജണ്ടയായിരിക്കും.
ഫെബ്രുവരിയിൽ യു.എൻ. രക്ഷാ സമിതിക്കു മുന്നിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അവതരിപ്പിച്ച സമാധാന പദ്ധതിയും ആശയങ്ങളും ഉച്ചകോടി വിശകലനം ചെയ്യും.
സൗദി അറേബ്യക്കു നേരെയുള്ള ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ, ഭീകര വിരുദ്ധ പോരാട്ടം എന്നിവയും ഉച്ചകോടിയിലെ മുഖ്യ ചർച്ചാ വിഷയങ്ങളാകുമെന്ന് മഹ്മൂദ് അഫീഫി പറഞ്ഞു.