ഇസ്‌ലാമാബാദ്- പാക്കിസ്ഥാനിൽ ഗർഭിണിയായ ഗായികയെ വേദിയിൽ വെടിവെച്ചു കൊന്നു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. എന്നാൽ ഗായിക എഴുന്നേറ്റ് നിൽക്കാത്തതാണ് കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്. പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുക്കും. ആളുകൾക്കിടയിൽ നിന്നാണ് അക്രമി വെടിവെച്ചത്. ഗായിക വേദിയിൽ പാടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം.
ഗർഭിണിയായതിനാലാണ് ഗായിക എഴുന്നേൽക്കാതിരുന്നതെന്നാണ് പറയുന്നത്. എഴുന്നേറ്റ് നിന്ന ഉടനെ വെടിയേറ്റ് വീഴുകയായിരുന്നു. കാംഗ ഗ്രാമത്തിൽ ഒരു സ്‌റ്റേജ് പരിപാടിയിൽ പാടുകയായിരുന്ന സാമിന സാമൂൻ എന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ഇവരെ സാമിന സിന്ധു എന്നും വിളിക്കാറുണ്ട്. പ്രാദേശികമായി നിരവധി സ്‌റ്റേജ് ഷോകളിൽ പങ്കെടുക്കാറുള്ള ഗായികയാണിവർ. ഗർഭിണിയായതിനാൽ ഇരുന്നാണ് സാമിന പാടിയത്. എന്നാൽ താരിഖ് ജതോയ് എന്ന ആൾ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. ആദ്യം എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പിന്നീട് അൽപ നേരത്തിന് ശേഷം എഴുന്നേറ്റ ഉടനെ തലയ്ക്ക് ഇയാൾ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഇസ്‌ലാമാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ കപിൽ ദേവ് ആണ് സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ടത്. അക്രമിയെയും ഇയാളുടെ രണ്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരട്ട കൊലപാതകത്തിന് പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് സാമിനയുടെ ഭർത്താവ് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ ജീവനു അക്രമികൾ ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിക്ക് ഗായികയോട് നേരത്തെ വൈരാഗ്യമുണ്ടായയിരുന്നോ, ഇവർ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നോ എന്നീ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മറുപടി എഴുന്നേറ്റ് നിൽക്കാത്തതാണ് വെടിവെയ്്ക്കാൻ കാരണം എന്നാണ്. ഇരുന്നാണ് സാമിന പാടിയിരുന്നത്. ഈ വേളയിൽ നിരവധിയാളുകൾ സാമിനയുടെ നേരെ പൂക്കളും പണവും എറിയുന്നുണ്ടായിരുന്നു. അതിനിടെയാണ് അക്രമി വന്ന് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടത്. അൽപം പ്രയാസപ്പെട്ടിട്ടാണെങ്കിലും സാമിന എഴുന്നേറ്റ് പാട്ട് തുടർന്നു. തൊട്ടുപിന്നലെയാണ് തലയ്ക്ക് വെടിയേറ്റ് വേദിയിൽ വീണത്. സംഘാടകർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. താരിഖ് അഹ്മദ് ജതോയ് ആണ് അറസ്റ്റിലായിട്ടുള്ളത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.