ലഖ്‌നൗ- ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈറിനെ ഉത്തര്‍പ്രദേശിലെ മുഹമ്മദി സെഷന്‍സ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുബൈറിന്റെ ജാമ്യാപേക്ഷ ജൂലൈ 13ന് കോടതി പരിഗണിക്കും.
സീതാപൂര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മാധ്യമ പ്രവര്‍ത്തകനെ ജഡ്ജി മുമ്പാകെ ഹാജരാക്കിയത്.
ജൂലൈ നാലിന് ഉത്തര്‍പ്രദേശിലെ ലഖിംപൂരിലെ പ്രാദേശിക കോടതിയില്‍ സുബൈറിനെ ഹാജരാക്കിയിരുന്നു.
ജൂണ്‍ 27ന് രാത്രിയാണ് മുഹമ്മദ് സുബൈറിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം മുമ്പ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതും പ്രതിഷേധാര്‍ഹവുമായ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
1983 ല്‍ പുറത്തിറങ്ങിയതും ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്തതുമായ റൊമാന്റിക് കോമഡിയായ കിസ്സി സേ നാ കെഹ്നയില്‍നിന്നുള്ള ഒരു ക്ലിപ്പാണ് പോസ്റ്റ് ചെയ്തിരുന്നത്.
ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലാണ് പോസ്റ്റിനെ കുറിച്ച് പരാതി ഉന്നയിച്ചത്. ഒരു പോസ്റ്റ് മാത്രമുണ്ടായിരുന്ന ഹാന്‍ഡില്‍ ഇപ്പോള്‍ അപ്രത്യക്ഷമായി.
ട്വീറ്റില്‍ ഒരു ഹോട്ടലിന്റെ ചിത്രം കാണിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഹണിമൂണ്‍ ഹോട്ടല്‍ എന്ന ബോര്‍ഡ് ഹനുമാന്‍ ഹോട്ടലെന്ന് മാറ്റിയതായാണ് പരാതിപ്പെട്ടിരുന്നത്. സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത പരാതിക്കാരന്‍ ദല്‍ഹി പോലീസിനെ ടാഗ് ചെയ്തിരുന്നു. ബ്രഹ്‌മചാരിയായ നമ്മുടെ ദൈവം ഹനുമാന്‍ജിയെ മധുവിധുവുമായി ബന്ധിപ്പിക്കുന്നത് ഹിന്ദുക്കളെ നേരിട്ട് അപമാനിക്കലാണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പരാതി.