Sorry, you need to enable JavaScript to visit this website.

ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടു; ബുധനാഴ്ച രാജിവെക്കുമെന്ന് സ്ഥിരീകരണം

കൊളംബോ- ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. സ്പീക്കറാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് രണ്ടു ദിവസത്തിനകം തിരിച്ചെത്തുമെന്നും നിലവിൽ അദ്ദേഹം അയൽ രാജ്യത്താണെന്നും സ്പീക്കർ അറിയിച്ചു. അതേസമയം, ശ്രീലങ്കൻ മന്ത്രിസഭ ഒന്നടങ്കം രാജിവെക്കാനുള്ള ചർച്ചയും നടക്കുന്നുണ്ട്. രജപക്‌സെ ബുധനാഴ്ച രാജിവെക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്. തുടർന്ന് മുഴുവൻ പാർട്ടികളെയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.  സർക്കാർ പൂർണമായും സ്ഥാനം ഒഴിയുന്നത് വരെ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകളിൽ തന്നെ തുടരുമെന്ന് പ്രക്ഷോഭകർ ആവർത്തിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. ശനിയാഴ്ച മുതൽ തുടരുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജൂലായ് 13 ന് മഹീന്ദ രജപക്‌സെ സ്ഥാനമൊഴിയുമെന്ന് പാർലമെന്ററി സ്പീക്കർ സൂചന നൽകി. വിക്രമസിംഗെയും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടെ രാജപക്‌സെ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ രാജ്യത്ത് പാചക വാതക വിതരണം ഉറപ്പുവരുത്താനുള്ള നിർദേശവുമായി അജ്ഞാത കേന്ദ്രത്തിൽനിന്ന് രജപക്‌സെ രംഗത്തെത്തിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സംരക്ഷണത്തിൽ നാവിക ആസ്ഥാനത്താണ് രജപക്‌സെ എന്നാണ് വിവരം. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും വസതികളിൽ ഇപ്പോഴുമുള്ളത്. 
ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ശ്രീലങ്കയിലെ വിദ്യാർത്ഥി നേതാവ് ലഹിരു വീരശേഖര മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ പൂർണമായും അധികാരം വിട്ടൊഴിയുന്നത് വരെ ഞങ്ങൾ ഈ സമരം ഉപേക്ഷിക്കില്ലെന്നും ലഹിരു പറഞ്ഞു. ഒരുകാലത്ത് താരതമ്യേന സമ്പന്നമായിരുന്ന സമ്പദ്‌വ്യവസ്ഥയെ മുട്ടുകുത്തിച്ചതിന്റെയും സാധാരണക്കാരെ ദുരിതത്തിലാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം രജപക്‌സെ ഏറ്റെടുക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതിനിടെ, പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകരുടെ നിരവധി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ നീരാടിയും ഭക്ഷണവസ്തുക്കൾ ആർത്തിയോടെ കഴിക്കുന്നതിന്റേയും കിടപ്പുമുറിയുൾപ്പെടെ കയ്യടക്കി വിശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ വൈറലാണ്. ഞങ്ങൾ കഷ്ടപ്പെടുമ്പോൾ അവർ രാജകീയസുഖം അനുഭവിക്കുകയായിരുന്നു. ഞങ്ങളുടെ മക്കളും പേരക്കുട്ടികളും ആ സുഖസൗകര്യങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യട്ടെ എന്ന് ഒരു ശ്രീലങ്കൻ പൗരൻ പ്രതികരിച്ചു.
പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യവസതി തീയിട്ട മൂന്ന് പേരെ ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ സ്വകാര്യസ്വത്തുവകകൾക്ക് വൻനാശനഷ്ടമാണ് പ്രതിഷേധക്കാർ വരുത്തിയിട്ടുള്ളത്. രജപക്‌സെയെുടെ വസതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായി പ്രക്ഷോഭകർ പറയുന്നു. നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സാംസ്‌കാരികനായകർക്കൊപ്പം പ്രശസ്ത കായികതാരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. ഞങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയാണിത് എന്ന കുറിപ്പോടെ ക്രിക്കറ്റ് താരം കുമാർ സംഗക്കാരെ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ശ്രീലങ്കൻ ജനതക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക രാഷ്ട്രീയ സ്ഥിരത രാജ്യത്ത് എത്രയും പെട്ടെന്ന് ഉറപ്പുവരുത്തണമെന്ന് അമേരിക്ക ശ്രീലങ്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്രനാണയനിധി ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 
ഇന്ത്യയ്ക്ക് നിലവിൽ അഭയാർഥി പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും മൂന്നു ദിവസത്തെ സന്ദർശനത്തിനായി തലസ്ഥാനത്തെത്തിയ വിദേശകാര്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 
ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിക്കുകയാണ്. ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നൽകും. എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ ശ്രീലങ്കൻ സമൂഹം ശ്രമിക്കുന്നുണ്ട്. അയൽക്കാരുടെ മോശം അവസ്ഥയിൽ അവരെ സഹായിക്കുകയെന്നതും ഒപ്പം നിൽക്കുകയുമാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News