Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വർഗീയ വാദികളുമായി സന്ധിയില്ല-വി.ഡി സതീശൻ

തിരുവനന്തപുരം-ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന പ്രചാരണം തെറ്റാണെന്നും വിവേകാനന്ദനെ സംബന്ധിച്ച പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്ത പരിപാടിയിലാണ് പങ്കെടുത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.പി.വീരേന്ദ്രകുമാറാണ് പരിപാടിയിലേക്കു തന്റെ പേരു നിർദേശിച്ചതെന്നും സതീശൻ പറഞ്ഞു. പുസ്തകം തിരുവനന്തപുരത്തും തൃശൂരും പ്രകാശനം ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് പുസ്തകം റിലീസ് ചെയ്തത്. അതേ പുസ്തകമാണ് തൃശൂരിൽ താൻ പ്രകാശനം ചെയ്തത്. വിവേകാനന്ദൻ ഹിന്ദുവിനെക്കുറിച്ചു പറഞ്ഞതും സംഘപരിവാറിന്റെ ഹിന്ദുത്വയും രണ്ടാണെന്ന് ആ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. 
ബി.ജെ.പി പുറത്തുവിട്ട ചിത്രത്തിന് പ്രചാരണം നൽകുന്നത് സി.പി.എമ്മാണ്. ഗോൾവൾക്കറുടെ പുസ്തകത്തിൽ പറഞ്ഞ കാര്യമാണ് മുൻ മന്ത്രി സജി ചെറിയാൻ പറഞ്ഞതെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. ആർ.എസ്.എസ് അയച്ച നോട്ടീസിനെ നിയമപരമായി നേരിടും. ആർ.എസ്.എസിനെ ആക്രമിച്ചാൽ അത് ഹിന്ദുവിനെതിരായ ആക്രമണമല്ലെന്നും സതീശൻ പറഞ്ഞു. ഒരു വർഗീയ വാദിയുടെ മുന്നിലും കീഴടങ്ങില്ല. വർഗീയവാദികളുടെ വോട്ട് ഇതുവരെ ചോദിച്ചിട്ടില്ല. തന്റെ വീട്ടിലേക്കു കൂടുതൽ മാർച്ച് നടത്തിയത് സംഘപരിവാറാണ്. 2016ൽ തന്നെ തോൽപ്പിക്കാൻ പറവൂരിൽ ഹിന്ദു മഹാസംഗമം നടത്തിയെങ്കിലും ഭൂരിപക്ഷം വർധിക്കുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വർഗീയവാദികളുമായി സന്ധിചെയ്യില്ല. ഒരേ തോണിയിലാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യാത്രയെന്നും സതീശൻ പറഞ്ഞു.
 

Latest News