ന്യൂദൽഹി- പ്രവാചകനെ അവഹേളിച്ച് പരാമർശം നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലും ഉദയ്പുരിലും രണ്ടു പേർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് പോലീസ്. ഉദയ്പുരിൽ കനയ്യ ലാലിന്റെ മരണത്തിൽ ഏഴാം പ്രതി ഫർഹാദ് മുഹമ്മദ് ഷെയ്ഖ് എന്ന ബബ്‌ലയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 20ന് നൂപുർ ശർമയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ റാലി നടന്ന ശേഷമായിരുന്നു കനയ്യ ലാലിന്റെ വധമുണ്ടായത്.
കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിലെ മുഖ്യപ്രതി റിയാസ് അട്ടർ 2019ൽ എസ്.ഡി.പി.ഐയിൽ ചേർന്നെന്നാണ് പോലീസ് പറയുന്നത്. ഇയാൾ സംഘടനയിലെ സജീവ അംഗവുമായിരുന്നു. മറ്റൊരു പ്രതി ബബ്‌ലയും തനിക്കു പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടായിരുന്നെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.