Sorry, you need to enable JavaScript to visit this website.

രാവിലെ ജയില്‍ ചാടിയ കൊലക്കേസ് പ്രതി  രാത്രിയില്‍ വീട്ടുപരിസരത്തുവെച്ച് പിടിയിലായി

കോട്ടയം- യുവാവിനെ കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാള്‍ രാവിലെ ജയില്‍ചാടി. അന്വേഷണത്തിനൊടുവില്‍ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടി. മീനടം പാറമ്പുഴ കവല മോളയില്‍ ബിനുമോനാണ് (36) ജില്ലാ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ചാടിപ്പോയത്.
രാത്രി 9.15ഓടെ മീനടത്തെ വീടിന് സമീപത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇവിടെ ഒരു പറമ്പില്‍ ഒളിച്ചുകഴിയുകയായിരുന്നു ബിനുമോന്‍. ഇയാളെ ഈ ഭാഗത്ത് കണ്ടതായി വൈകീട്ട് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. പോലീസിനെക്കണ്ട് ഓടിയ പ്രതിയെ തൊട്ടടുത്തെ പാടത്ത് കോട്ടയം ഈസ്റ്റ് പോലീസും പാമ്പാടി പോലീസും കോട്ടയം പാലാ എന്നിവിടങ്ങളിലെ ജയില്‍ വാര്‍ഡന്‍മാരും ചേര്‍ന്നാണ് പിടികൂടിയത്.
കളക്ടറേറ്റിനുസമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാന്‍ ബാബുവിനെ (19) കൊന്ന കേസില്‍ അഞ്ചാംപ്രതിയാണ് ബിനുമോന്‍.ജയിലില്‍ അടുക്കളജോലിയായിരുന്ന ബിനുമോനുള്‍പ്പെടെയുള്ള ആറുപ്രതികളെ രാവിലെ 4.50ഓടെ സെല്ലില്‍നിന്ന് പുറത്തിറക്കിയിരുന്നു.
 

Latest News