Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് കൂര്യന്‍ ജോസഫിന്റെ കത്ത്

ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ രണ്ടു പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം തീരുമാനം അംഗീകരിക്കാതെ തടഞ്ഞു വച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജ് മലയാളിയായ ജസ്റ്റിസ് കൂര്യന്‍ ജോസഫ് രംഗത്തെത്തി. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന് സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ പുതിയ ജഡ്ജിയായി നിയമിക്കണമെന്നുമുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ഫെബ്രുവരിയില്‍ നല്‍കി ശുപാര്‍ശയാണ് തുടര്‍ നടപടികളൊന്നുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ അതേപടി സര്‍ക്കാര്‍ അംഗീകരിച്ചു വരുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇവിടെ അതുണ്ടായില്ല. 

സര്‍ക്കാരിന്റെ ഈ അസാധാരണ നടപടിക്കെതിരെ സുപ്രീം കോടതി ഉടന്‍ പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും അത് സുപ്രീം കോടതിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തില്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ് പറയുന്നു. ഈ കത്ത് മറ്റു 22 ജഡ്ജിമാര്‍ക്കും അദ്ദേഹം അയച്ചിട്ടുണ്ട്. കൊളീജിയത്തില്‍ നിന്നും നിയമന ശുപാര്‍ശ ലഭിച്ചാല്‍ നടപടി എടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്്. ഈ ചുമതല നിര്‍വഹിക്കാതെ സര്‍ക്കാര്‍ ശുപാര്‍ശ പരിഗണിക്കാതിരിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ജസ്റ്റിസ് കൂര്യം കത്തില്‍ ചൂണ്ടിക്കാട്ടി. 

കൊളീജിയം ശുപാര്‍ശ നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തീരുമാനമുണ്ടാകാത്തത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം സ്വമേധയാ പരിഗണിക്കുന്നതിനു വേണ്ടി ഏറ്റവും മുതിര്‍ന്ന ഏഴു ജഡ്ജിമാരടങ്ങുന്ന ബെഞ്ചിനു രൂപം നല്‍കണമെന്നും ചീഫ് ജസ്റ്റിസിനോട് ജസറ്റിസ് കൂര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.  ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ തുറന്ന കോടതി നടപടികളിലൂടെ സുപ്രീം കോടതിക്ക് നടപടി എടുക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി നടപടിയെടുക്കാത്തിനെ പ്രസവത്തോടാണ് ജസ്റ്റിസ് കൂര്യന്‍ ഉപമിച്ചത്. സാധാരണ ഗര്‍ഭ കാലം പൂര്‍ത്തിയായിട്ടും പ്രസവം നടന്നില്ലെങ്കില്‍ അടിയന്തിരമായി സിസേറിയന്‍ നടത്തുകയാണ് പതിവ്. ഇത്തരമൊരു അടിയന്തിര ഇടപെടല്‍ യഥാസമയം ഉണ്ടായില്ലെങ്കില്‍ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ മരിച്ചേക്കാം. സാധാരണ പ്രതീക്ഷിക്കപ്പെടുന്ന സമയത്തിനകം കൊളീജിയം തീരുമാനം നടപ്പിലാക്കപ്പെട്ടില്ലെങ്കിലും സംഭവിക്കുക ഇതായിരിക്കും. ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയാത്ത കോടതിയുടെ അന്തസും അഭിമാനവും ദിനംപ്രതി താഴോട്ടു പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Latest News