കൊച്ചി- യുവതി സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായി ഭര്‍ത്താവ് സുമേഷിനെ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിയുടെ രാഷ്ട്രീയ ബന്ധം മൂലമാണ് മരണം നടന്നു 38 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതെന്ന് പിതാവ് സജീവന്‍ ആരോപിച്ചു.
എറണാകുളം സ്വദേശിനി സംഗീത പ്രണയിച്ചാണ് തൃശൂര്‍ സ്വദേശി സുമേഷിനെ കല്യാണം കഴിച്ചത് .എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പീഡനം പതിവായിരുന്നു. താഴ്ന്ന ജാതിയായെന്ന ആരോപണത്താല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കുമായിരുന്നില്ല, സംഗീത കഴിക്കുന്ന പത്രങ്ങള്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ മാറ്റി വെപ്പിക്കുമായിരുന്നു .അറപ്പുളവാക്കുന്ന വാക്കുകള്‍ പറഞ്ഞു അപമാനിക്കുന്നത് നിത്യമായി ഭര്‍ത്താവിന്റെ കുടുംബം ചെയ്തിരുന്നു. പല തവണ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും പുറത്തു നിര്‍ത്തുകയും ,മനോരോഗിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ട് പോകുകയും ചെയ്യുമായിരുന്നു.
മരണപ്പെട്ടതിന്റെ തലേ ദിവസം സംഗീത സുമേഷിനെ കാണാന്‍ എറണാകുളത്തെ കടയില്‍ ചെല്ലുകയും എന്തെങ്കിലും ജോലിക്ക് പോയിട്ടാണെങ്കിലും തരാനുള്ള സ്ത്രീധനം തരാമെന്ന് സംഗീത സുമേഷിനോട് പറഞ്ഞിരുന്നു.എന്നാല്‍ തരാനുള്ള സ്ത്രീധനം തന്നു തീര്‍ക്കാതെയും വീട്ടുകാര്‍ വന്നു കാലു പിടിക്കാതെയും തനിക്ക് ഇനി സംഗീതയുടെ കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു സുമേഷ് തിരിച്ചയച്ചു.തുടര്‍ന്ന് സംഗീത എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞു.എന്നാല്‍ കുടുംബത്തെ വിളിച്ചു വരുത്തി മടക്കി വിടുകയും അടുത്ത ദിവസം രാവിലെ സ്റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ട് വിടുകയുമാണ് ഉണ്ടായത്.
രാവിലെ സ്റ്റേഷനില്‍ രണ്ടു പേരെയും വിളിപ്പിച്ച പോലീസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെണ്‍കുട്ടിയെ വീട്ടിലാക്കി കൊടുക്കാന്‍ പറഞ്ഞു വിടുകയായിരുന്നു.വീട്ടിലെത്തിയ ഉടന്‍ സംഗീത ആത്മഹത്യ ചെയ്യുകയായിരുന്നു.എന്നാല്‍ ഇത് കണ്ടു നിന്ന സുമേഷ് സംഗീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം മരണപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ തൊട്ടടുത്തുള്ള വീട്ടില്‍ പറയാതെ കുറച്ചപ്പുറമുള്ള വീട്ടില്‍ പറഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.ഇതിലൂടെ സംഗീതയെ ബോധപൂര്‍വം മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തിട്ടുള്ളതെന്ന് ഇദ്ദേഹം പറഞ്ഞു. സഹോദരിമാരായ സജ്‌നയും സലീനയും പങ്കെടുത്തു.