ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഉന്നാവോ സ്വദേശിയായ പതിനെട്ടുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്‌സോ, വിവിധ ഐപിസി വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസും പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസും സിബിഐ അന്വേഷിക്കും. പാര്‍ട്ടി എംഎല്‍എക്കെതിരായ കൂട്ടബലാല്‍സംഗ ആരോപണം ബിജെപിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയതോടെ സെന്‍ഗറിനെതിരെ കേസെടുത്ത് അന്വേഷണം സിബിഐക്കു കൈമാറാന്‍ കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ലഖ്‌നൗ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ദിവസം കുറ്റാരോപിതനായ ബിജെപി എംഎല്‍എ നേരിട്ടെത്തിയതിനു തൊട്ടുപിറകെയാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പോലീസ് മേധാവിയുടെ വീട്ടിലെത്തിയ സെന്‍ഗര്‍ തനിക്ക് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലോ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിലോ പങ്കില്ലെന്ന് പറഞ്ഞിരുന്നു.
വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതോടെ പോലീസ് താമസിയാതെ സെന്‍ഗറിനെ അറസ്റ്റ് ചെയ്യും. ലഖ്‌നൗ സോണ്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചു വരുന്നത്.