കൊല്‍ക്കത്ത- കാളി ദേവിക്ക് മദ്യവും മാംസവും സമര്‍പ്പിക്കാറില്ലെന്ന് തെളിയിക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കാളി ദേവിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ബി.ജെ.പി ആക്രമണം ശക്തമാക്കിയിരിക്കെയാണ് മഹുവയുടെ വെല്ലുവിളി.
തനിക്കെതിരെ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യുന്ന ബി.ജെ.പി നേതാക്കള്‍ ആരാധനക്കിടയില്‍ കാളി ദേവിക്ക് മദ്യവും മാംസവും സമര്‍പ്പിക്കാറില്ലെന്ന് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ താരാപിഠിലുള്ള മാ താരാ ക്ഷേത്രം, മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ശക്തിപീഠ് ക്ഷേത്രം, ഗുവാഹത്തിയിലുള്ള കാംഖ്യ ക്ഷേത്രം എന്നിവയെ മഹുവ ഉദാഹാരണമായി ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലുയേും അസമിലേയും മുഖ്യമന്ത്രിമാര്‍ ഈ ക്ഷേത്രങ്ങളില്‍ മദ്യവും മാംസവും സമര്‍പ്പിക്കുന്നില്ലന്ന്് സത്യവാങ്മൂലം നല്‍കാന്‍ തയാറാകണം.
താനൊരു കാളീ ഭക്തയാണെന്നും ആരാധനാ രീതികള്‍ തനിക്കറിയാമെന്നും കാളീ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നം അവര്‍ പറഞ്ഞു.
വിദ്യാഭ്യാസമുള്ളവര്‍ ചര്‍ച്ചകളില്‍നിന്ന് പിന്‍വാങ്ങിയാല്‍ ബി.ജെ.പി സ്വന്തം ഹിന്ദുത്വം ജനങ്ങളില്‍ അടിച്ചേല്‍പിക്കുമെന്നും അതുകൊണ്ട് മിണ്ടാതിരിക്കണമെന്നും വിവാദം അനാവശ്യമെന്ന് അഭിപ്രായപ്പെടുന്ന അഭ്യുദയകാംക്ഷികളോട് മഹുവ പറഞ്ഞു.
ആളുകള്‍ മതത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭയപ്പെടുകയാണെന്നും ബി.ജെ.പി ഇതാണ് നേട്ടമാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഹിന്ദുമതത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞതില്‍ തെറ്റില്ലാത്തതിനാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തൃണമൂല്‍ എം.പി പറഞ്ഞു.
പാര്‍ട്ടി അംഗീകരിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് മമതാ ബാനര്‍ജിയാണ് തന്റെ നേതാവെന്നും അനുയോജ്യമായ വേദിയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും മറുപടി നല്‍കി.
എം.പിയായ മഹുവ മൊയ്ത്ര മത ആചാരങ്ങള്‍ സംബന്ധിച്ച് അഭിപ്രായം പറയേണ്ടതില്ലന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ ബംഗാള്‍ നേതൃത്വം അവരുടെ പരാമര്‍ശങ്ങളെ തള്ളിയിരുന്നു.