ശ്രീനഗര്‍- ജമ്മുവിനു സമീപത്തെ കതുവ ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. നാടോടികളായ ബഖര്‍വാല്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ നടത്തിയ ക്രൂര പീഡനവും കൊലപാതകവുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റ് ജമ്മു കശ്മീര്‍ പോലീസ് ക്രൈം ബ്രാഞ്ചാണ് ഫയല്‍ ചെയ്തത്. കതുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജമ്മു കശ്മീരില്‍നിന്ന് ലഭിച്ച പിന്തുണ സംഭവത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. വാര്‍ത്താ തലക്കെട്ടുകള്‍ നേടുകയും ചെയ്തു. ബഖര്‍വാല്‍ മുസ്‌ലിംകളെ ഭീതിയിലാക്കി ആട്ടിയാടിക്കുകയായിരുന്നു ലക്ഷ്യം.
ബലാത്സംഗ കേസില്‍ രണ്ട് പോലീസുകാരുള്‍പ്പെടെയുള്ള പ്രതികളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കശ്മീരിലെ ഡോഗ്ര സമുദായത്തെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ രംഗത്തു വന്നിരുന്നു.
കതുവ ബലാത്സംഗ കേസിലെ ക്രൈം ബ്രഞ്ച് അന്വേഷണത്തില്‍ പ്രതിഷേധിച്ച് ജമ്മു ബാര്‍ അസോസിയേഷന്‍ ബുധനാഴ്ച ആഹ്വാനം ചെയ്ത ബന്ദില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവും പഠാന്‍കോടും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലും കതുവയും ന്യൂദല്‍ഹിയും ബന്ധിക്കുന്ന റെയില്‍ പാതയിലുമാണ് ഗാതഗതം തടസ്സപ്പെട്ടത്.
അഭിഭാഷകരുടെ പ്രതിഷേധം കാരണം നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായത്. പ്രതിഷേധിച്ച അഭിഭാഷകരെ പോലീസിന് അറസ്റ്റ് ചെയ്തു നീക്കേണ്ടി വന്നു.
എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍കുമാര്‍ എന്നിവര്‍ കതുവ കേസ് പ്രതികളില്‍ ഉള്‍പ്പെടുന്നു. സഞ്ജി റാമാണ് ഗൂഢാലോചനക്കു പിന്നലെന്ന് ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു. ക്രൂരമായ ഗൂഢാലോചന നടപ്പിലാക്കാന്‍ മറ്റുള്ളവര്‍ റാമിനെ സഹായിച്ചു. സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കി.
ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പിതാവ് പരാതി ഫയല്‍ ചെയ്തു. കുതിരകളെ മേയ്ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെണ്‍കുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകള്‍ മടങ്ങിയെത്തിയിരുന്നു. ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കതുവയിലെ രസനയില്‍നിന്ന് ബഖര്‍വാല്‍ മുസ്‌ലിം നാടോടികളെ ആട്ടിപ്പായിക്കുന്നതിനാണ് എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ സഞ്ജി റാം തീരുമാനിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജനുവരി ആദ്യവാരത്തില്‍ ഗൂഢാലോചന നടത്തിയ റാം മരുമകനും സ്‌പെഷ്യല്‍ പോലീസ് ഓഫീസറുമായ ദീപക് ഖജൂരിയയുമായി ബന്ധപ്പെട്ടു. ഖജൂരിയക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മരുമകനും റാം പ്രത്യേക ദൗത്യം ഏല്‍പിച്ചു. കൗമാരക്കാരനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയത്. ബാക്കി പദ്ധതി നടപ്പിലാക്കിയത് സഞ്ജി റാമും ഖജൂരിയ, അടുത്ത സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
മരുന്ന് നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഒളിപ്പിച്ചാണ് പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പീഡനത്തിനു ശേഷം കൊലപ്പെടുത്താന്‍ സഞ്ജിറാം കൗമാരക്കാരനോടാണ് നിര്‍ദേശിച്ചത്. വിശാല്‍, മറ്റൊരു പ്രതി മന്നു എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ദേവസ്ഥാനത്തുനിന്ന് സമീപത്തെ ഓവുചാലില്‍ കൊണ്ടുവന്നാണ് കൊല ചെയ്തത്. സ്ഥലത്തെത്തിയ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപ് ഖജൂരിയ കൊലപ്പെടുത്തുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
കിരാത സംഭവത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് കേസ് മൂടിവെക്കാന്‍ സഹായിച്ച ആനന്ദ് ദത്ത, തിലക് രാജ് എന്നീ പോലീസുകാരേയും കസ്റ്റഡിയിലെടുത്തിരുന്നു.
കതുവ കേസിലെ കുറ്റവാളികള്‍ക്കു വേണ്ടി രംഗത്തു വന്നവര്‍ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനത്തിന് ദേശീയ പതാക ഉപയോഗിച്ചതും വിവാദമായിരുന്നു. കുറ്റപത്രം കോടതിയിലെത്തിയ പശ്ചാത്തലത്തില്‍ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 ന് കേസ് വീണ്ടും പരിഗണിക്കും.