തിരുവനന്തപുരം- യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിറിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയർന്ന പീഡന പരാതി പോലീസിന് കൈമാറാത്തതിൽ പ്രതിഷേധം ശക്തമാണ്. പരാതിയിൽ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്‌ഐയും യുവമോർച്ചയും ആവശ്യപ്പെട്ടു.
പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പരാതി യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു നൽകിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തൻശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. അതേസമയം യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിനിടെ തനിക്ക് നേരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായർ പ്രതികരിച്ചു.