Sorry, you need to enable JavaScript to visit this website.

മട്ടന്നൂരില്‍ പൊട്ടിയത് ആക്രിയായി ശേഖരിച്ച ടിഫിന്‍ ബോക്‌സ് ബോംബ്

കണ്ണൂര്‍- മട്ടന്നൂരില്‍ രണ്ട് അന്യസംസ്ഥാനക്കാരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് പിന്നില്‍ ടിഫിന്‍ ബോക്‌സ് ബോംബെന്നു സൂചന. ഒന്നിലധികം ബോംബുകള്‍ ഒരുമിച്ച് പൊട്ടിയെന്നാണ് പരിശോധനയില്‍ ലഭിച്ച വിവരം. സ്‌ഫോടനം നടന്ന വീടും പരിസരവും, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സ്‌ഫോടനം നടന്ന വീട്ടുടമയെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ പത്തൊമ്പതാം മൈലിലെ ഒരു വീട്ടില്‍ കഴിഞ്ഞ രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ അസം സ്വദേശികളായ ഫസല്‍ ഹഖ്, മകന്‍ സെയ്ദുല്‍ ഹഖ് എന്നിവരാണ് മരിച്ചത്. സ്‌ഫോടന കാരണം  കണ്ടെത്താന്‍ വിശദമായി അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് നിഗമനം. ഇതിന്റെ ഭാഗമായാണ് ആക്രി സ്ഥാപന ഉടമയെ ചോദ്യം ചെയ്തത്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഫസല്‍ ഹഖും, സെയ്ദുല്‍ ഹഖും ജീവിക്കുന്നത്.
സ്‌ഫോടനം നടന്ന വീട്ടില്‍ ഇവര്‍ക്കൊപ്പം, മറ്റ് രണ്ടു പേര്‍കൂടി താമസിച്ചിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച അലുമിനിയം ബോക്‌സ് തുറക്കുന്നതിനിടെയാണ് അതിഭീകരമായി ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. വീടിന്റെ ഒന്നാം നിലയില്‍ ആയിരുന്നു സ്‌ഫോടനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ലഭിച്ച അലുമിനിയം പാത്രത്തില്‍ പണമോ ആഭരണങ്ങളോ ആണെന്ന ചിന്തയില്‍ രഹസ്യമായി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് പോലീസ് നിഗമനം. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു. ഒന്നില്‍ കൂടുതല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
സമീപ ദിവസങ്ങളില്‍ കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌ഫോടനം നടന്ന വീട് സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഇവര്‍ എവിടെനിന്നാണ് ആക്രി സാധനങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്തി പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോംബുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്നതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. പ്രസ്തുത സ്ഥലത്തു പുറത്തു നിന്നുള്ളവര്‍ വന്നുപോകുന്നതായി പറയപ്പെടുന്നുണ്ട്. ഇവര്‍ തീവ്രവാദ ബന്ധമുള്ളവരാണോ എന്നും സ്‌ഫോടക വസ്തു എങ്ങിനെ അവിടെ എത്തി എന്നും അന്വേഷിക്കേണ്ടതാണ്.

 

Latest News