കണ്ണൂർ - വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വ്യക്തമാക്കി. ഇ.പി.ജയരാജനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫർസീൻ. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തിരെ കോടതിയെ സമീപിക്കുമെന്ന് ഫർസിൻ മജീദ് വ്യക്തമാക്കി.
ഇ.പി ജയരാജൻ വിമാനത്തിൽ വെച്ച് മർദ്ദിച്ചതായി കേസിലെ പ്രതികൾ മൊഴി നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്നും ഫർസിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജയരാജൻ ആരാ മുഖ്യമന്ത്രിയുടെ ഗൺമാൻ ആണോ?. കേരളത്തിലെ നിയമസഭയിൽ പോയി മുഖ്യമന്ത്രിയെ പോലൊരാൾ പച്ചക്കള്ളം പറയുന്നത് ആ സ്ഥാനത്തിന് യോജിച്ചതാണോ എന്ന് കേരളത്തിലെ ജനങ്ങൾ പരിശോധിക്കട്ടെ. ഞങ്ങൾ സംസാരിക്കുന്നത് തെളിവുകളുടെയും വസ്തുതകളുടെയും പിൻബലത്തിലാണെന്നും ഫർസീൻ കുറിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് ഫർസീനെ ജോലി ചെയ്യുന്ന സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫർസീൻ, പത്തൊമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന രീതിയിൽ ഇടതു അനുകൂല സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണവും നടന്നു. ജാമ്യം ലഭിച്ച് കണ്ണൂരിലെത്തിയ ഫർസീന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകിയതിന് പിന്നാലെ വലിയ തോതിൽ ഭീഷണി ഉയർന്നിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും, അപായപ്പെടുത്താനുള്ളയാളെ പരമാവധി മോശക്കാരനാക്കിയ ശേഷം കൊലപ്പെടുത്തുകയെന്നതാണ് സി.പി.എമ്മിന്റെ ശൈലിയെന്നും ഫർസീൻ പരാതിപ്പെട്ടിരുന്നു.