റിയാദ് - വിദേശ തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായും ഒളിച്ചോടിയതായും തൊഴിലുടമ നൽകുന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ സ്‌പോൺസറുടെ അനുമതി കൂടാതെ തന്നെ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുന്നതിന് അനുവദിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകളുടെയും ഇഖാമകളുടെയും കാലാവധി അവസാനിച്ചാലും സ്‌പോൺസറുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കും. തുടർച്ചയായി മൂന്നു മാസത്തെ വേതനം വിതരണം ചെയ്യാതിരുന്നാലും ഇതേ പോലെ തൊഴിലുടമയുടെ അനുമതി കൂടാതെ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കും. ഇഖാമയുടെയും വർക്ക് പെർമിറ്റിന്റെയും കാലാവധി അവസാനിച്ചാൽ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ അപേക്ഷ ഓട്ടോമാറ്റിക് ആയി അംഗീകരിക്കപ്പെടും.
യഥാർഥത്തിൽ നിലവിലില്ലാത്ത സ്ഥാപനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിസാ അപേക്ഷകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. സ്‌പോൺസർ ഇല്ലെന്നും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്റെ പേരിലും സ്ഥാപനങ്ങളുടെ വിസാ അപേക്ഷകൾ നിരസിച്ചിട്ടുണ്ട്.
വിദേശ തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്ന (ഹുറൂബാക്കൽ) സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കുമെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ അഞ്ചു കൊല്ലത്തേക്ക് വരെ വിലക്കും.
വ്യാജ ഹുറൂബാക്കലിനിരയാകുന്ന തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും അനുവദിക്കും. സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കുന്നതിന് കാത്തിരിക്കുന്നതിനിടെ ഫൈനൽ എക്‌സിറ്റ് വിസയിൽ രാജ്യം വിടുന്നതിനും തൊഴിലാളികളെ അനുവദിക്കും.
തൊഴിലാളികളെ വ്യാജമായി ഹുറൂബാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ആദ്യ തവണ ഒരു വർഷത്തേക്ക് തൊഴിൽ മന്ത്രാലയ സേവനങ്ങൾ വിലക്കും. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. രണ്ടാമതും ഇതേ നിയമ ലംഘനം തുടരുന്ന സ്ഥാപനങ്ങൾക്ക് മൂന്നു കൊല്ലത്തേക്ക് തൊഴിൽ മന്ത്രാലയ സേവനങ്ങൾ വിലക്കും. മൂന്നാമതും നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു കൊല്ലത്തേക്ക് തൊഴിൽ മന്ത്രാലയ സേവനങ്ങൾ നിർത്തിവെക്കും. സർവീസ് ആനുകൂല്യം അടക്കമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനാണ് തൊഴിലാളികളെ തൊഴിലുമടകൾ വ്യാജമായി ഹുറൂബാക്കുന്നത്. തൊഴിലാളികളുമായുള്ള തർക്കങ്ങളുടെ പേരിൽ അവരെ ദുരിതത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഹുറൂബാക്കുന്നവരുമുണ്ട്. ഇത്തരം വ്യാജ ഹുറൂബാക്കലുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് തലവേദന സൃഷ്ടിക്കുകയാണ്.
തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടുന്ന തൊഴിലാളികൾക്കു പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഒളിച്ചോടിയതായി (ഹുറൂബ്) നൽകുന്ന പരാതികൾ റദ്ദാക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണ്.
സൗദി പോസ്റ്റിന്റെ നാഷണൽ അഡ്രസ് സേവനത്തിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഹുറൂബ് പരാതി നൽകുന്ന ദിവസം തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധിയുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹുറൂബാക്കി ഇരുപതും അതിൽ കൂടുതലും ദിവസം പിന്നിട്ട ശേഷം ഹുറൂബ് റദ്ദാക്കാൻ കഴിയില്ല.
ഗാർഹിക തൊഴിലാളികളെ ഹുറൂബാക്കുന്നതിനും ഹുറൂബ് നീക്കം ചെയ്യുന്നതിനും വ്യവസ്ഥകൾ ബാധകമാണ്. ഗാർഹിക തൊഴിലാളികളുടെ ഹുറൂബാക്കൽ നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ വഴി ഹുറൂബാക്കാൻ സാധിക്കും. നേരത്തെ ഹുറൂബാക്കുന്നതിന് ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടിയിരുന്നു. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടുന്ന പക്ഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഹുറൂബ് പരാതി നൽകാൻ സാധിക്കും.
ഇങ്ങനെ ഹുറൂബാക്കുന്നതിന് ഏതാനും വ്യവസ്ഥകൾ ബാധകമാണ്. ഹുറൂബാക്കപ്പെടുന്ന തൊഴിലാളികളുടെ ഇഖാമക്ക് കാലാവധിയുണ്ടായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിന് ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്ത ഗാർഹിക തൊഴിലാളികൾക്കെതിരെ ഹുറൂബ് പരാതി നൽകാനും പാടില്ല. ഹുറൂബ് നീക്കം ചെയ്യുന്നതിന് ഓൺലൈൻ വഴി സാധിക്കില്ല. ഇതിന് ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിനെ സ്‌പോൺസർമാർ നേരിട്ട് സമീപിക്കണം.
ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനുള്ളിൽ ഹുറൂബ് നീക്കം ചെയ്യുന്നതിനു സമീപിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. പതിനഞ്ചു ദിവസം പിന്നിട്ടാൽ ഹുറൂബ് നീക്കം ചെയ്യാൻ ഒരിക്കലും സാധിക്കില്ല. ഹുറൂബാക്കി പതിനഞ്ചു ദിവസം പിന്നിട്ടാൽ വിദേശികളെ നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തരക്കാരെ സൗദിയിൽ നിന്ന് നാടുകടത്തുകയും വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് ജവാസാത്ത് ഡിപ്പാട്ട്‌മെന്റ് പറഞ്ഞു.