മദീന - മുനീസിനും മെഹറിനും ഇനി ഭദ്രമായ നാല് ചുവരുകൾക്കുള്ളിൽ സുഖമായുറങ്ങാം. ഒരു വർഷം മുമ്പ് മദീനയിൽ നിര്യാതനായ മലപ്പുറം രണ്ടത്താണി സ്വദേശി മുനീറിന്റെ കുടുംബം ഇന്ന് സ്നേഹസദനത്തിൽ താമസം തുടങ്ങും. പത്ത് ലക്ഷം രൂപ ചെലവിൽ നവോദയ മദീന ഏരിയാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും.
മുനീറിന്റെ നിർധന കുടുംബത്തിന്റെ വീട് പൂർത്തീകരിക്കുന്നതിൽ വിവിധ പ്രവാസി കൂട്ടായ്മകൾ ആത്മാർഥമായി സഹകരിച്ചതായി മദീന നവോദയ ട്രഷറർ ഗഫൂർ തെന്നല പറഞ്ഞു. കൂടുതൽ തുക സമാഹരിച്ച നഴ്സസ് കൂട്ടായ്മയുടെ സഹകരണം സ്മരണീയമാണ്. മദീനയിലെ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരും വനിതാ സാമൂഹിക പ്രവർത്തകരും ചേർന്ന് മൂന്ന് ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. നഫീസ, ഷീനാസ്, മെഹനാസ് (മെറ്റേണിറ്റി ഹോസ്പിറ്റൽ), ഷീജ, ബിൻസി അനസ് (കിംഗ് ഫഹദ് ഹോസ്പിറ്റൽ), ഷീന ഷാനവാസ്, മയ്മൂന, കൊച്ചുറാണി ജോമോൻ (ഉഹ്ദ് ഹോസ്പിറ്റൽ), ഷെമി മുബാറക് (സൗദി ജർമൻ ഹോസ്പിറ്റൽ), ഹജ് വെൽഫയർ പ്രവർത്തക സാജിദ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.
മദീനയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന മുനീറിന് മൂന്ന് കുട്ടികളാണുള്ളത്. മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു വേർപാട്. കിടപ്പാടം ഉണ്ടാക്കിയാൽ നാട്ടിൽ സ്ഥിര താമസമാക്കാനുള്ള നിശ്ചയത്തിലാണ് മദീനയിൽ എത്തിയത്. പത്ത് മണിക്കൂർ നീളുന്ന ജോലിക്ക് വാഗ്ദാനം ചെയ്ത 1200 റിയാലിന് പകരം മുനീറിന് ലഭിച്ചത് 300 റിയാൽ മാത്രമായിരുന്നു. ശമ്പള വർധനവിന് പല തവണ ആവശ്യപ്പെട്ടെങ്കിലും ഗൗനിക്കാത്തതിൽ മുനീർ ഏറെ വിഷമത്തിലായിരുന്നു.
ഭാര്യാപിതാവ് നൽകിയ നാലു സെന്റ് സ്ഥലത്താണ് പ്രാദേശിക സി.പി.എം പ്രവർത്തകരുടെ മേൽനോട്ടത്തിൽ വീട് പണിതത്. ആറുമാസം മുമ്പ് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയായിരുന്നു തറക്കല്ലിടൽ കർമം നിർവഹിച്ചത്. ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ ഒന്നര ലക്ഷം രൂപ രണ്ടു മാസം മുമ്പ് തന്നെ കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
വീടുകളുടെ താക്കോൽ ദാനം ഇന്ന് വൈകുന്നേരം പൂക്കിപ്പറമ്പ് അങ്ങാടിയിൽ നടക്കുമെന്ന് മദീന നവോദയ ഭാരവാഹികൾ അറിയിച്ചു. മദീന ഏരിയ മുഖ്യ രക്ഷാധികാരി സലാം കല്ലായി, സെക്രട്ടറി അൻസാർ അരിമ്പ്ര, പ്രസിഡന്റ് ഗഫൂർ മങ്കട, ട്രഷറർ ഗഫൂർ തെന്നല, ജോയിന്റ് സെക്രട്ടറി ഷരീഫ് കൊടുവള്ളി, കാരുണ്യ വിഭാഗം കൺവീനർ നിസാർ കരുനാഗപ്പള്ളി, ഷാജഹാൻ തിരുവമ്പാടി, മുബാറക് തുടങ്ങിയവർ പങ്കെടുത്തു.