കൊല്‍ക്കത്ത- കാളീദേവിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പശ്ചിമബംഗാളിലും മധ്യപ്രദേശിലും കേസെടുത്തതിനു പിന്നാലെ ബി കെയര്‍ഫുള്‍,മഹുവ എന്ന പേരില്‍ അവര്‍ക്കുവേണ്ടി എഴുതിയ കവിത സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് മഹുവ മൊയ്ത്ര എം.പി.
കാളി മാംസവും മദ്യവും കഴിക്കുമെന്ന മഹുവയുടെ പരാമര്‍ശമാണ് വിവാദമായത്. ഇന്ത്യന്‍ പൗരന്‍ എന്ന പേരില്‍ എഴുതിയതാണ് കവിത.
കാളി ദേവിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി അപലപിച്ചതിനു പിന്നാലെ മൊഹുവ മൊയ്ത്ര കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ ഫോളോ ചെയ്തിരുന്നു.
കാളി ദേവി സിഗരറ്റ് വലിക്കുന്ന സിനിമാ പോസ്റ്റര്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് എം.പി വിവാദ പരാമര്‍ശം നടത്തിയിരുന്നത്.
കാളി ദേവി പരാമര്‍ശത്തില്‍ സംഘ് പരിവാര്‍ നുണ പ്രചാരണം നടത്തുകയാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താന്‍ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കുപോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മഹുവയുടെ മറുപടി. എല്ലാ സംഘികളോടും പറയുകയാണ്. നുണകള്‍ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാന്‍ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നല്‍കുന്നതെന്ന് നോക്കൂ മഹുവ പറഞ്ഞു. മഹുവ മൊയ്ത്രയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പരാമര്‍ശത്തെ അലപിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ഇന്ത്യ ടുഡേ നടത്തിയ കോണ്‍ക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് വിശദീകരിച്ചത്. കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്‌കി അര്‍പ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളില്‍ അത് ദൈവനിന്ദയാകും- മഹുവ പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രസ്താവന.
തൃണമൂല്‍ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഹിന്ദു മതത്തെ അവഹേളിക്കുന്നു എന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി കാളി ദേവിയെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. മുന്‍ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബി.ജെ.പി നടപടിയെടുത്ത രീതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി മഹുവ മൊയ്ത്രയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികാരി പറഞ്ഞു.
കഴിഞ്ഞ ദിവസം ലീന മണിമേഖല സമൂഹ മാധ്യമത്തില്‍ തന്റെ പുതിയ ഡോക്യുമെന്ററി 'കാളി'യുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഭദ്രകാളിയുടെ വേഷം ധരിച്ചുകൊണ്ട് ഒരു സ്ത്രീ പുകവലിക്കുന്നതായാണ് പോസ്റ്ററില്‍ ഉള്ളത്. പിന്നിലായി എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ കൊടിയും കാണാം. ഈ പോസ്റ്റര്‍ തങ്ങളുടെ മത വികാരത്തെ വൃണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം ലീന മണി മേഖലയ്ക്കെതിരെ പരാതിപ്പെട്ടത്.