മുംബൈ- കനത്തമഴയില്‍ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ കുതിര വേഗത്തില്‍ ഷെയര്‍ ചെയ്യപ്പെട്ട വിഡിയോയിലെ യുവാവിനെ തപ്പി ഇറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി. അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച് ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം.
മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും ഈ ധീരനായ യുവതാരത്തെ അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ബാഗിനുളളില്‍ എന്താണ്? കനത്തമഴയില്‍ തിരക്കുളള മുംബൈ തെരുവിലൂടെ എങ്ങോട്ട് പോകുന്നു? ഭക്ഷണം ഡെലിവറി ചെയ്യുമ്പോള്‍ കുതിരയെ എന്തുചെയ്യും? ട്വിറ്റില്‍ സ്വിഗ്ഗി ചോദിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു.
'ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും. കൂടുതല്‍ പരിസ്ഥിതി സൗഹൃദത്തിനായി നിലവിലുളള വാഹനസൗകര്യങ്ങള്‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ല.' ട്വിറ്ററില്‍ പറയുന്നു. വിഡിയോയ്ക്ക് പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. വിഡിയോ മുംബൈയിലെ ദാദറില്‍ നിന്നുള്ളതാണെന്നാണ് സൂചന.