ന്യൂദല്‍ഹി-ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഓന്നാകാന്‍ പോകുന്ന മഹാരാഷ്ട്രയിലെ നിര്‍ദിഷ്ട രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയുടെ സൗദി അരാംകോ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലായ എണ്ണകമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലെ 50 ശതമാനം ഓഹരികളാണ് സൗദി അരാംകോ സ്വന്തമാക്കുക. ഇന്ത്യയില്‍ എണ്ണയുള്‍പ്പാദന രംഗത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കുമിത്. ഇതു സംബന്ധിച്ച് പ്രാഥമിക കരാര്‍ ഇന്ത്യ-സൗദി അധികൃതര്‍ ദല്‍ഹിയില്‍ നടന്നു വരുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച ഒപ്പു വച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത്.
ഇന്ത്യ എപ്പോഴും ഞങ്ങളുടെ മുന്‍ഗണനയിലുള്ള ഇടമാണ്. സൗദിയുമായി ഭൂമിശാസ്ത്രപരമായുള്ള അടുപ്പവും ഇന്ത്യന്‍ സമ്പദ്് വ്യവസ്ഥയുടെ വ്യാപ്തയും കണക്കിലെടുത്താണ് ഈ നിക്ഷേപമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഈ പദ്ധതിക്കു പുറമെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനുള്ള സാധ്യതകള്‍ അരാംകോ ആരായുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം മൂന്ന് കോടി ടണ്‍ അസംസ്‌കൃത എണ്ണ അരാംകോ മഹാരാഷ്ട്രയിലെ പുതിയ റിഫൈനറിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
44 ശതകോടി ഡോളര്‍ ചെലവിലാണ് മഹാരാഷ്ട്രയില്‍ ലാകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളില്‍ ഒന്നാകാന്‍ പോകുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രതിവര്‍ഷം ആറു കോടി ടണ്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ഈ റിഫൈനറി സമുച്ചയത്തിനുണ്ടാകും. പ്രതിവര്‍ഷം 1.8 കോടി ടണ്‍ പെട്രോകെമിക്കല്‍് ഉല്‍പ്പന്നങ്ങള്‍ ഇറക്കാനും കമ്പനിക്കു കഴിയും.
ഈ കമ്പനിയില്‍ ബാക്കി വരുന്ന 50 ശതമാനം ഓഹരികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടേതാകും. ഫലത്തില്‍ പുതിയ എണ്ണശുദ്ധീകരശാല ഇന്ത്യ, സൗദി സര്‍ക്കാര്‍ കമ്പനികളുടെ തുല്യ പങ്കാളിത്തമുള്ളതാകും. 2025-നു മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.
സൗദി അരാംകോ വാങ്ങുന്ന 50 ശതമാനം ഒഹരികളില്‍ നിന്നും മറ്റു വിദേശ കമ്പനികള്‍ക്കു ഓഹരി വില്‍ക്കാനും അരാംകോക്ക് സ്വാതന്ത്ര്യമുണ്ടാകും. ഇപ്പോള്‍ തന്നെ മറ്റൊരു വിദേശ കമ്പനി താല്‍പര്യമറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.