Sorry, you need to enable JavaScript to visit this website.

യഎസില്‍ കാണാതായ മലയാളി കുടുംബം കാറടക്കം ഒഴുക്കില്‍പ്പെട്ടെന്ന് സംശയം 

കാണാതായ സന്ദീപ് ഭാര്യ സൗമ്യ മക്കളായ സിദ്ധാന്ത് സാചി എന്നിവർ

വാഷിങ്ടണ്‍- അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപ്പൊക്കത്തിലകടപ്പെട്ട് നദിയില്‍ ഒഴുകിപ്പോയതായി സംശയം ബലപ്പെടുന്നു. പോര്‍ട്‌ലാന്‍ഡില്‍ നിന്നും സാന്‍ ജോസിലേക്ക് കാറോടിച്ചു പോകവെ വെള്ളിയാഴ്ചയാണ് സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത്് (12), സാചി (9) എന്നിവരെ കാണാതായത്. ഇതുവരെ ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 

ഇവര്‍ സഞ്ചരിച്ചിരുന്ന മെറൂണ്‍ നിറമുളള ഹോണ്ട പൈലറ്റ് എസ്‌യുവി നദിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു വാഹനത്തിനു സമാനമാണ്. വെളളിയാഴ്ച ഉച്ചയ്ക്ക് 1.10 ഓടെ നദിയിലെ ഒഴുക്കില്‍പ്പെട്ട ഒരു മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് കാറിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് കാലിഫോര്‍ണി ഹൈവെ പട്രോള്‍ അറിയിച്ചു. ഇതോടെ ഇതു രണ്ടും ഒരേ വാഹനം തന്നെയാണെന്ന സംശയം ബലപ്പെട്ടതായി പോലീസ് അറിയിച്ചു. 

സന്ദീപും കുടുംബവും അവസാനമായി ബന്ധുക്കളുമായി സംസാരിച്ചത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച സാന്‍ ജോസിലെ ബന്ധുക്കളെ കാണാന്‍ പോകുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സാന്‍ ജോസിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കുടുംബത്തെ കാണാതായെന്ന് സ്ഥിരീകരിച്ചത്. പോലീസ് പലയിടത്തും തെരഞ്ഞെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. 

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറും സന്ദീപിന്റെ കാറും ഒരു പോലെയാണെന്ന് വ്യക്തമായത്. ഡോറ ക്രീക്കിനടുത്ത് ഈല്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ ഒലിച്ചു പോയത്. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടയാനായില്ല. ഹെലികോപ്റ്ററും മറ്റു സന്നാഹങ്ങള്‍ ഉപയോഗിച്ചു ഈ കാറിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഈ കാര്‍ കണ്ടെത്തിയാല്‍ സന്ദീപിന്റേയും കുടുംബത്തിന്റെ തിരോധാനത്തിനു തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസും ബന്ധുക്കളും. യുഎസില്‍ യുണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റാണ് സന്ദീപ്.
 

Latest News