ന്യൂദല്‍ഹി- ഉള്ളടക്ക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സാമൂഹിക മാധ്യമ ഭീമനായ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍, സര്‍ക്കാരിന്റെ ചില ഉത്തരവുകള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്ന് ട്വിറ്റര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തടയാന്‍ ആവശ്യപ്പെട്ട ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കണമെന്നാണ് ട്വിറ്ററിന്റെ ആവശ്യം.
രാഷ്ട്രീയ പാര്‍ട്ടികളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് ട്വിറ്റര്‍ ചൂണ്ടിക്കാട്ടി. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്.
ഇന്ത്യയില്‍ 24 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് കീഴടങ്ങാന്‍ ട്വിറ്റര്‍ തീരുമാനിച്ചതായി പിട.ി.ഐ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിഷയം നിയമപരമായി നേരിടാന്‍ യു.എസ് ആസ്ഥാനമായുള്ള സാമൂഹിക മാധ്യമം ശ്രമിക്കുന്നതെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായാണു ട്വിറ്ററിന്റെ നിലപാട്. ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്ന സാഹചര്യത്തിലാണ് വിഷയത്തിന്റെ നിയമവശം ട്വിറ്റര്‍ പരിശോധിക്കുന്നത്.